ബെംഗളൂരു: പാരിസ്ഥിതിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിന്‍റെ ഭാഗമായി ഏകദേശം 30 ഇനം കീടനാശിനികൾക്കും രാസവളങ്ങൾക്കും നിരോധനം ഏർപ്പെടുത്തുമെന്നും കേന്ദ്ര രാസവളം മന്ത്രി ഡി.വി സദാനന്ദ ഗൗഡ. കൂടാതെ, ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളവും കർണാടകയും സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു. കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യതയെ കുറിച്ചും ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡി.വി ഗൗഡ വിശദീകരിച്ചു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന കീടനാശിനികൾ നിരോധിക്കുമെന്ന് സദാനന്ദ ഗൗഡ - fertilizers
കീടനാശിനികളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അറിയിച്ചു. കൂടാതെ, കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളവും കർണാടകയും സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു
ഇന്നത്തെ കാലത്ത് ഏറ്റവും അനിവാര്യമായ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ്. അതിനാൽ, തന്നെ മണ്ണിന് വിനാശം വരുത്തുന്ന 27ഓളം കീടനാശിനികളും രാസവസ്‌തുക്കളും നിരോധിച്ചുകൊണ്ട് ജൈവകൃഷിക്ക് കൂടുതൽ ഊന്നൽ നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. ഇതിനായി ഉന്നത തല യോഗം കൂടി അന്തിമ തീരുമാനത്തിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ക് ഡൗൺ സമയത്ത് ആത്മനിർഭർ ഭാരതിലൂടെ ഏകദേശം 13,000 കോടി രൂപ ഫാര്‍മ പാര്‍ക്കിനും മറ്റ് മരുന്നുകൾക്കും നൽകിയിരുന്നു. ഇതിന് പുറമെ ജന ഔഷധി കേന്ദ്രങ്ങളിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് ന്യായമായ വിലക്ക് മരുന്നുകൾ നൽകി. ഇതുവഴി ചൈനയെ പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് കുറക്കാൻ സാധിക്കുമെന്നും ഡി.വി സദാനന്ദ ഗൗഡ അഭിമുഖത്തിൽ വിശദീകരിച്ചു. രാജ്യത്ത് തുടക്കത്തിൽ മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും ദൗർലഭ്യം നേരിട്ടെങ്കിലും കേന്ദ്രസർക്കാരിന്‍റെ ഇടപെടലിൽ ഈ പ്രശ്‌നം പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. നിലവിൽ എൻ- 95 മാസ്‌കുകളുടെ വില 47 ശതമാനം വരെ കുറഞ്ഞതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൊവിഡ് ചികിത്സക്കായി ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ അഥവാ എച്ച്സിക്യു മരുന്നുകൾ ഇന്ത്യയിൽ ആവശ്യത്തിന് ലഭ്യമാണെന്നും വിദേശരാജ്യങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നിവർ ആവശ്യപ്പെട്ടതു പ്രകാരം എച്ച്സിക്യു കയറ്റുമതി നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണെങ്കിലും ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവർ രാജ്യത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കേരളവും കർണാടകയും മികച്ച രീതിയിൽ വൈറസിനെ കൈകാര്യം ചെയ്‌തുവെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പഞ്ചായത്ത് ഉൾപ്പെടെ പ്രാദേശിക തലങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് കേരളത്തിന് കൊവിഡ് പോരാട്ടത്തിൽ വിജയം നൽകിയതെന്നും പറഞ്ഞു. കർണാടകയിൽ 57ഓളം പരിശോധനാ ലബോറട്ടറികൾ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം പ്രശംസിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന ഗവൺമെന്‍റുകളും ആരോഗ്യ സേതു ആപ്പുകൾ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ ഐക്യത്തോടെ പ്രവർത്തിച്ചുവെന്നും ഡി.വി സദാനന്ദ ഗൗഡ ഇടിവി ഭാരതിനോട് വിശദമാക്കി.