ന്യൂഡൽഹി:കുടിയേറ്റ തൊഴിലാളികൾക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാരിന്‍റെ നിർദേശം. രാജ്യത്തുടനീളം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൊഴിലാളികൾ കൂട്ടമായി പലായനം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ലഭിച്ചത്.
കുടിയേറ്റ തൊഴിലാളികൾക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കണം: കേന്ദ്ര സർക്കാർ - കേന്ദ്ര സർക്കാർ
രാജ്യത്തുടനീളം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൊഴിലാളികൾ കൂട്ടമായി പലായനം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ലഭിച്ചത്.
നിർദേശങ്ങൾ നടപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി കമ്മീഷണർ, മുതിർന്ന പൊലീസ് സൂപ്രണ്ട്, പൊലീസ് സൂപ്രണ്ട്, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എന്നിവരെ നിയോഗിച്ചു. കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല എന്നിവർ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. ഞായറാഴ്‌ച നടന്ന വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരും കേന്ദ്രഭരണ സർക്കാരുകളും പങ്കെടുത്തു.
തൊഴിലാളികൾ കൂട്ടമായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം നടത്തുന്നത് ലോക് ഡൗണിനും സാമൂഹിക അകലത്തിനും വെല്ലുവിളി ഉയർത്തുന്നു. ലോക് ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണവും, താമസവും ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. സ്റ്റാൻഡേർഡ് ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് കുറഞ്ഞത് 14 ദിവസത്തെ ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ തൊഴിലാളികളെ വീടുകളിലോ സ്വദേശങ്ങളിലോ എത്തിക്കാൻ പാടുള്ളൂവെന്നും യോഗത്തിൽ തീരുമാനമായി.