ന്യൂഡൽഹി: ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ രാജ്യത്ത് ലഭ്യമാണെന്നും ലോക്ക്ഡൗൺ നീട്ടിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമ്പന്നരായ ആളുകൾ മുന്നോട്ട് വന്ന് സമീപത്തുള്ള ദരിദ്രരെ സഹായിക്കാണമെന്ന് അമിത് ഷാ അഭ്യർഥിച്ചു.
“ഏകോപനം ശക്തമാക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പൗരന്മാരും ലോക്ക്ഡൗൺ ശരിയായി പിന്തുടരണം. ഒരാൾക്കും ആവശ്യവസ്തുക്കൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല” ഷാ പറഞ്ഞു.
സംസ്ഥാന സർക്കാരുകളുടെ പങ്കിനെ പ്രശംസിച്ച ഷാ, എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതി ശരിക്കും പ്രശംസനീയമാണ്. കൊവിഡ് പ്രതിരോധത്തിന് പ്രധാന പങ്കുവഹിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ പാലകർ, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സംഭാവന ഹൃദയസ്പർശിയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ മെയ് മൂന്ന് വരെ രാജ്യത്തുടനീളം ലോക്ക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.