ന്യൂഡൽഹി:പൽഘർ ആൾക്കൂട്ട കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ. അന്വേഷണത്തിൽ 300 പ്രതികൾക്കും ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ കുറ്റപത്രങ്ങൾ സമർപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്തതായും സർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞു.
കേസിന്‍റെ ഗൗരവവും ധാരാളം പ്രതികൾ ഉൾപ്പെട്ടതും കണക്കിലെടുത്ത് അന്വേഷണത്തിൽ സമ്പൂർണ്ണ നീതിയും സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ഏപ്രിൽ 20ന് സംസ്ഥാന സിഐഡിയുടെ പ്രത്യേക യൂണിറ്റിന് കേസ് കൈമാറിയതായി മഹാരാഷ്ട്ര പൊലീസിന്‍റെ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ വിനായക് ദേശ്മുഖ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഏപ്രിൽ 16 ന് നടന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് ചോദിച്ചു. അന്വേഷണ റിപ്പോർട്ടുകൾ, അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ എന്നിവ ആവശ്യപ്പെടുകയും കേസിലെ കുറ്റപത്രം സൂക്ഷ്മപരിശോധനക്കായി സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേസിൽ വേണ്ട കാര്യങ്ങൾ ചെയ്തുവെന്നും മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചു. അഭിഭാഷകനായ ശശാങ്ക് ശേഖർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനാൽ കുറ്റപത്രം പരിശോധിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.