മുംബൈ: നാല് ദിവസം നീണ്ട രാഷട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. പ്രോടൈം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സഭ ഇന്നത്തേക്ക് പിരിയും. വൈകിട്ട് അഞ്ചര വരെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നീളുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തിൽ ഓരോ പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.
ബിജെപി നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീൽ, കോൺഗ്രസ് നേതാവ് പൃത്ഥ്വി രാജ് ചവാൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സര്‍ക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച എൻ.സി.പി നേതാവ് അജിത് പവാര്‍ സഭയിൽ എത്തി. എൻസിപിയിലെ സുപ്രിയ സുലെ അടക്കമുള്ള നേതാക്കള്‍ അജിത് പവാറിനെ സഭയിലേക്ക് സ്വീകരിക്കുകയായിരുന്നു.
നവംബര്‍ 23ന് അജിത് പവാറിന്‍റെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര രാഷ്ട്രീയം പ്രതിസന്ധിയിലായത്. നാല് ദിവസം നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്നലെ അജിത് പവാറും ദേവേന്ദ്ര ഫഡ്‌നവിസും രാജി സമര്‍പ്പിച്ചു. ഇതോടെയാണ് രാഷ്ട്രീയനാടകത്തിന് അന്ത്യമായത്. മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശിവസേന- എന്‍.സി.പി - കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു.