ന്യൂഡൽഹി: ഇഐഎ 2020 രാജ്യത്തിന് അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതി ആഘാതം തടയാൻ ഇഐഎ 2020 പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
"ഇഐഎ 2020 കരടിന്‍റെ ലക്ഷ്യം വ്യക്തമാണ്. രാജ്യത്തിന്‍റെ വിഭവങ്ങൾ കൊള്ളയടിക്കാൻ ഉന്നതരായ സുഹൃത്തുക്കൾക്ക് ബിജെപി സർക്കാർ ചെയ്തു നൽകുന്ന മറ്റൊരു ഭയാനകമായ സഹായമാണിത്. പാരിസ്ഥിതിക നാശം തടയാൻ ഇഐഎ 2020 പിൻവലിക്കണം." -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
വിവിധ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകുന്ന നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം മാർച്ചിൽ പുറപ്പെടുവിക്കുകയും പൊതു നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു. ജൂൺ 30ന് ശേഷം ആളുകൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാനുള്ള സമയപരിധി നീട്ടില്ലെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഓഗസ്റ്റ് 12 വരെ സമയം നൽകി.
'ഇഐഎ 2020 പിൻവലിക്കുക എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് രാഹുൽ ഗാന്ധി ബിജെപി സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് "അപമാനകരമാണ്", "അപകടകരമാണ്" എന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വർഷങ്ങളായി നേടിയ നേട്ടങ്ങളെ മറികടക്കാനുള്ള കഴിവ് മാത്രമല്ല, ഇന്ത്യയിലുടനീളം വ്യാപകമായ പാരിസ്ഥിതിക നാശവും അപകടവും സൃഷ്ടിക്കാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.