ന്യൂഡല്‍ഹി:എയർസെല്‍-മാക്സിസ് കേസില്‍ മുന്‍ മന്ത്രി പി ചിദംബരത്തിനും മകനും അനുവദിച്ച മുന്‍കൂർ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ദില്ലി ഹൈകോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ച ഹർജി കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാന്‍ സാധ്യതയുണ്ട്.ചിദംബരത്തിനും മകനും കഴിഞ്ഞ മാസം അഞ്ചിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതം കെട്ടിവെക്കാന്‍ ആവശ്യപെട്ടാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. എയർസെല്‍-മാക്സിസ് കേസുമായി ബന്ധപെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം ഉൾപെടെ ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു.
ചിദംബരത്തിന്‍റെ മുന്‍കൂർ ജാമ്യം ചോദ്യം ചെയ്ത് ഇ.ഡി. ദില്ലി ഹൈക്കോടതിയില്‍
ചിദംബരത്തിന് മുന്‍കൂർ ജാമ്യം നല്‍കിയത് എയർസെല്‍-മാക്സിസ് കേസില്‍. എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നല്‍കിയ ഹർജി ദില്ലി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച്ച പരിഗണിക്കാന്‍ സാധ്യത.
എയർസെല്‍-മാക്സിസ് ലയനവുമായി ബന്ധപെട്ട് 3200 കോടി രൂപയുടെ ഇടപാടാണ് നടന്നത്. അന്ന് ധനമന്ത്രിയായ പി ചിദംബരം ഇതില്‍ ഇടപെട്ടെന്നാണ് കേസ്. 600 കോടിയുടെ ഇടപാടിന് അനുമതി നല്‍കാന്‍ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. ഇതില്‍ കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര ധനകാര്യ സാമ്പത്തിക കാര്യ ഉപസമിതിയാണ്. ചട്ടം മറന്ന് ചിദംബരം ഇടപാടിന് അനുമതി നല്കിയെന്നാണ് അരോപണം.
ഐ.എന്‍.എക്സ്. മീഡിയാ കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് 21-ന് സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ചിദംബരം ജയിലിലായത്. എയർസെല്‍-മാക്സിസ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഐ.എന്‍.എക്സ് കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ചിദംബരം ഇതുവരെ ജയില്‍ മോചിതനായിട്ടില്ല.