ഇൻഡോർ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ സ്റ്റാർ ക്യാമ്പയിനർ പദവി പിൻവലിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് അനീതിയെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്.
കമൽ നാഥ് വരുത്തിയ കറ സോപ്പ് പൊടിയ്ക്ക് കഴുകി കളയാൻകഴിയില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ദിഗ്‌വിജയ സിങ്.
ശിവരാജിന്‍റെ രക്തക്കറ പുരണ്ട കൈകൾ കഴുകണോ വേണ്ടയോ എന്ന് ആദ്യം ജ്യോതിരാദിത്യ സിന്ധ്യ ജിയോട് ചോദിക്കുക. മംഗ്‌സൗറിലെ കർഷകരുടെ രക്തത്താൽ ശിവരാജ് സിങ് ചൗഹന്‍റെ കൈകളിൽ കറ പുരണ്ടിട്ടുണ്ടെന്ന് കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ സിന്ധ്യ പറഞ്ഞിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം ആവർത്തിച്ച് ലംഘിച്ചതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കമൽ നാഥിന്‍റെ സ്റ്റാർ ക്യാമ്പയിനർ പദവി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു.
മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിൽ വോട്ടെടുപ്പ് നവംബർ മൂന്നിന് നടക്കും, നവംബർ 10 ന് ഫലം പ്രഖ്യാപിക്കും. 25 എംഎൽഎമാരുടെ രാജിയും, മൂന്ന് എംഎൽഎമാർ മരിച്ചതിനെയും തുടർന്ന് 28 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.