ഗംഗയിലെറിഞ്ഞ രണ്ട് കുട്ടികളുടെ കൂടി മൃതദേഹം കണ്ടെത്തി - അമ്മക്കെതിരെ കൊലക്കേസ്
ഭർത്താവുമായി കലഹമുണ്ടായതിനെ തുടർന്നാണ് മഞ്ചു യാദവ് അഞ്ച് കുട്ടികളെ ഗംഗയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ലഖ്‌നൗ : ഭർത്താവുമായി കലഹമുണ്ടായതിനെ തുടർന്ന്, അമ്മ ഗംഗയിൽ എറിഞ്ഞ അഞ്ച് കുട്ടികളില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. എട്ട് വയസുള്ള മാതേശ്വരി, ആറ് വയസുള്ള ശിവശങ്കർ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേശവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മഞ്ചുവിനെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് സൂപ്രണ്ട് രാം ബദാൻ സിങ് പറഞ്ഞു. അഞ്ച് കുട്ടികളെയാണ് മഞ്ചു യാദവ് ഗംഗയിൽ എറിഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 12കാരിയായ ആരതിയുടെയും 10 വയസുള്ള സരസ്വതിയുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ലോക്‌ഡൗണിനെ തുടർന്ന് കുട്ടികൾക്ക് ഭക്ഷണമില്ലാത്തതിനാലാണ് കുട്ടികളെ ഗംഗയിലെറിഞ്ഞതെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരത്തിൽ വ്യാജ വാർത്തകൾ പരത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.