ഹൈദരാബാദ്:വൻതോതിൽ സ്വർണവും കറൻസിയും പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11.1 കിലോ ഗ്രാം സ്വർണവും ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും 1.5 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയും ഡിആർഐ പിടിച്ചെടുത്തു.
ഹൈദരാബാദ് വിമാനത്താവളത്തിൽ സ്വർണ വേട്ട; യുവതി അറസ്റ്റിൽ
1.5 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയും 11.1 കിലോ ഗ്രാം സ്വർണവുമാണ് ഡിആർഐ പിടിച്ചെടുത്തത്
രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ ദുബായിൽ നിന്ന് വരികയായിരുന്ന യുവതിയെ വിമാനത്താവളത്തിലെ പുറത്തേക്ക് കടക്കുന്ന വഴിയിൽ വച്ച് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മൂന്നരകോടിയോളം വിലമതിക്കുന്ന സ്വർണമാണ് പ്രത്യേകമായി തയ്യാറാക്കിയ തുണികളിലും സോക്സുകളിലുമായി യുവതി കടത്താൻ ശ്രമിച്ചത്. ഒപ്പം നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സിംഗപ്പൂർ, യുഎഇ കറൻസികളും ഉണ്ടായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് മാസമായി യുവതി താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി പരിശോധിച്ചത്. പരിശോധനയിൽ കടത്തിയ സ്വർണത്തിന്‍റെ രേഖകളും ഒന്നരകോടി രൂപ വിലമതിക്കുന്ന യുഎസ്-സൗദി കറൻസികളും കണ്ടെടുത്തു. കസ്റ്റംസ് ആക്ട് 1962 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.