കേരളം

kerala

ETV Bharat / bharat

കരട് ദേശീയ വിദ്യാഭ്യാസ നയം: അഭിപ്രായങ്ങള്‍ 65000 - ഡോ രമേശ് പൊക്രിയാല്‍ നിഷാങ്ക്

അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. മലയാളമുള്‍പ്പടെ 13 ഭാഷകളില്‍ കരട് നയം പ്രസിദ്ധീകരിച്ചു.

കരട് ദേശീയ വിദ്യാഭ്യാസ നയം: അഭിപ്രായങ്ങള്‍ 65000

By

Published : Jul 19, 2019, 3:51 AM IST

ന്യൂഡല്‍ഹി: കരട് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ജൂലൈ 15 വരെ ലഭിച്ചത് 65000 പരിഷ്കരണ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും. അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. മലയാളമുള്‍പ്പടെ 11 ഭാഷകളില്‍ കൂടി കരട് നയം പ്രസിദ്ധീകരിച്ചു. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നും കൂടുതല്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് മാനവവിഭവശേഷി മന്ത്രി ഡോ രമേശ് പൊക്രിയാല്‍ നിഷാങ്ക് രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

ആദ്യഘട്ടത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമായിരുന്നു കരട് പ്രസിദ്ധീകരിച്ചിരുന്നത്. അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയപരിധി 2019 ജൂണ്‍ 30നും അവസാനിച്ചിരുന്നു. എന്നാല്‍ സമയപരിധി നീട്ടണമെന്നും കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ കരട് പ്രസിദ്ധീകരിക്കണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കരടിലെ ത്രിഭാഷാ പഠന നിര്‍ദ്ദേശം നേരത്തെ വിവാദമായിരുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റേതെങ്കിലും പ്രാദേശിക ഇന്ത്യന്‍ ഭാഷയും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കുന്നതായിരുന്നു വ്യവസ്ഥ. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ത്രിഭാഷാ പഠന നിര്‍ദ്ദേശം ഒഴിവാക്കിയാണ് കരട് നയം പുറത്തിറക്കിയത്.

ഡോ കെ കസ്തൂരിരംഗന്‍ ചെയര്‍മാന്‍ ആയ കമ്മറ്റി 2019 മെയ് 31നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന് കരട് നയം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മന്ത്രാലയത്തിന്‍റെ വൈബ്സൈറ്റിലും ഇന്നോവേറ്റ് മൈ ഗവണ്‍മെന്‍റ് പ്ലാറ്റ് ഫോമിലുമാണ് പൊതുജനാഭിപ്രായം തേടി കരട് നയം പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങളില്‍ നിന്നും വിവിധ മന്ത്രാലയങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അഭിപ്രായം തേടിയാണ് നയം പ്രസിദ്ധീകരിക്കുന്നത്.

ABOUT THE AUTHOR

...view details