ന്യൂഡൽഹി:അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് അഭ്യർഥിച്ച് ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ (എഐആർഎഫ്) കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് കൂടാതിരിക്കാൻ വേണ്ടിയാണ് യാത്രക്ക് അതിഥി തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കിയതെന്ന് എഐആർഎഫ് ജനറല്‍ സെക്രട്ടറി ശിവ് പാല്‍ മിശ്ര സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ തൊഴിലാളി യൂണിയനാണ് എഐആർഎഫ്.
ശ്രമിക് ട്രെയിനുകളുടെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്ന് സോണിയ ഗാന്ധിയോട് റെയിൽവേ യൂണിയൻ - അതിഥി തൊഴിലാളികൾ
റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് കൂടാതിരിക്കാൻ വേണ്ടിയാണ് യാത്രക്ക് അതിഥി തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കിയതെന്ന് ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ.
കൊറോണ വൈറസ് മഹാമാരിയുടെ കാലത്ത് യാത്ര ചെയ്യുന്നത് അപകടകരമാണ്. റെയിൽവേ ജീവനക്കാര്‍ കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ശ്രമിക് ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവാണെന്നും മടക്കയാത്ര ആളില്ലാതെയാണെന്നും എഐആർഎഫ് ശിവ് ഗോപാൽ മിശ്ര കത്തില്‍ പറയുന്നു. ഈ ട്രെയിനുകളുടെ സുരക്ഷയ്ക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും റെയില്‍വേക്ക് പണം കണ്ടെത്തേണ്ടതുണ്ട്. യാത്രാ ചെലവിന്‍റെ 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾ വഹിക്കേണ്ടതെന്നും ബാക്കി 85 ശതമാനവും റെയിൽവേയാണ് വഹിക്കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും കൊവിഡ് വ്യാപിക്കാൻ ഇടയാക്കും. അതിഥി തൊഴിലാളികളെ 115 ട്രെയിനുകളിൽ നാട്ടിലെത്തിക്കുന്നതിനുള്ള വലിയ പദ്ധതിയാണിത്. അതിനെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിച്ച് നശിപ്പിക്കരുതെന്നും ശിവ് പാൽ മിശ്ര പറഞ്ഞു. അതിഥി തൊഴിലാളികളിൽ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ യാത്രക്ക് പണം ഈടാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നതോടെയാണ് റെയിൽവേ ജീവനക്കാരുടെ യൂണിയൻ സോണിയ ഗാന്ധിക്ക് കത്ത് അയച്ചത്. 140 ശ്രമിക് ട്രെയിനുകളിലൂടെ 1.35 ലക്ഷം പേരെ നാടുകളിലെത്തിച്ചുവെന്നാണ് റെയിൽവേ പറയുന്നത്.