മുംബൈ: പതഞ്ജലിയുടെ കൊറോണില്‍ മരുന്ന് കൊവിഡ് ഭേദമാക്കില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കില്‍ നടപടിയെടുക്കുമെന്നും മഹാരാഷ്‌ട്ര മന്ത്രി രാജേന്ദ്ര ഷിംഗ്‌നെ. കൊറോണിലിന്‍റെ നിര്‍മാതാക്കള്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ആഭ്യന്തര വകുപ്പിന്‍റെ സഹായത്തോടെ ഡ്രഗ്‌സ് ആന്‍റ് മാജിക് റെമഡീസ് ആക്‌ട് പ്രകാരം നടപടിയെടുക്കുമെന്നും മഹാരാഷ്‌ട്ര ഫുഡ് ആന്‍റ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി പറഞ്ഞു. പതഞ്ജലിക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്ററായി കൊറോണില്‍ വില്‍ക്കാമെന്ന് ആയുഷ് മന്ത്രാലയം കൂടി വ്യക്തമാക്കിയതായി രാജേന്ദ്ര ഷിംഗ്‌നെ ചൂണ്ടിക്കാട്ടി.
പതഞ്ജലിയുടെ കൊറോണില്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കില്‍ നടപടിയെന്ന് രാജേന്ദ്ര ഷിംഗ്‌നെ - Patanjali
കൊറോണിലിന്‍റെ നിര്‍മാതാക്കള്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ നടപടിയെടുക്കുമെന്ന് മഹാരാഷ്‌ട്ര ഫുഡ് ആന്‍റ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാജേന്ദ്ര ഷിംഗ്‌നെ വ്യക്തമാക്കി.
കൊവിഡുമായുള്ള കൊറോണില്‍ മരുന്നിന്‍റെ പേരിലെ സാമ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും കൊറോണില്‍ കൊവിഡില്‍ നിന്നും സുഖപ്പെടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡില്‍ നിന്നും ഫലപ്രാപ്‌തി എന്ന അവകാശവാദത്തോടെയായിരുന്നു ബാബ രാം ദേവിന്‍റെ പതഞ്ജലി കമ്പനി മരുന്ന് പുറത്തിറക്കിയത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മരുന്നുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പിന്നീട് അവകാശവാദത്തെ നിഷേധിച്ച് പതഞ്ജലി കമ്പനിയും മലക്കം മറിഞ്ഞിരുന്നു. ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മാത്രമാണ് മരുന്നെന്നാണ് കമ്പനി പിന്നീട് പറഞ്ഞത്.