ന്യൂഡല്‍ഹി:വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികളോട് ക്ഷമിക്കണമെന്ന് നിര്‍ഭയയുടെ അമ്മയോട് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിന്‍റെ പ്രസ്‌താവന തള്ളി രാജ്യസഭ എംപി കെടിഎസ് തുള്‍സി. തികച്ചും ക്രൂരമായ മനോഭാവമുള്ള പ്രതികള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് തുള്‍സി അഭിപ്രായപ്പെട്ടു. "ഇന്ത്യയില്‍ വളരെ ചുരുക്കം കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാറുള്ളു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ നാല് വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയത്. നിര്‍ഭയ കേസ് മൃഗീയവും, ക്രൂരവുമായി കുറ്റകൃത്യമാണ്. ഇത്തരം സ്വഭാവമുള്ളവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ല. അവര്‍ക്ക് കൊടുക്കുന്ന ശിക്ഷ മാതൃകാപരമായിരിക്കണം"- തുള്‍സി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മകളെ ബലാത്സംഗം ചെയ്ത് കൊന്നവരോട് ക്ഷമിക്കാന്‍ നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് ഇന്ദിര ജയ്‌സിങ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചത്. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്’– ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി 22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ചതില്‍ നിരാശ പ്രകടിപ്പിച്ച ആശാ ദേവിയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ പ്രതികരണം.