ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആദ്യ ഇന്ത്യൻ സന്ദർശനം ഇന്ന്. ഇതോടെ ഇന്ത്യ സന്ദർശിക്കുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആകും ഡൊണാൾഡ് ട്രംപ്. ട്രംപിനോടൊപ്പം ഭാര്യ മെലാനിയ ട്രംപും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബർട്ട് ഒബ്രിയൻ, വാണിജ്യ സെക്രട്ടറി വിൽബർ റോസ്, എനർജി സെക്രട്ടറി ഡാൻ ബ്രൂയിലെറ്റ് എന്നിവരടങ്ങുന്ന പന്ത്രണ്ട് അംഗ സംഘവും ഇന്ത്യയിലെത്തും.
യുഎസ് പ്രസിഡന്‍റിനെ സ്വാഗതം ചെയ്യാൻ ഇന്ത്യ കാത്തിരിക്കുകയാണ്, ഈ ദിവസം അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമെന്നതും അഹമ്മദാബാദ് സന്ദർശനം ചരിത്രമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ അടുത്ത സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാൻ താനും കാത്തിരിക്കുകയാണെന്ന് ട്രംപും ട്വീറ്റ് ചെയ്‌തു. ഒപ്പം ബോളിവുഡിലെ എക്കാലത്തെയും മികച്ച ചലച്ചിത്രമായ ബാഹുബലിയുടെ പശ്ചാത്തലത്തിൽ മോർഫ് ചെയ്‌ത വീഡിയോയും ട്രംപ് ട്വീറ്റിൽ ഉദ്ധരിച്ചിരുന്നു.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് ട്രംപ് അഹമ്മദാബാദിലെത്തുക. സബർമതി ആശ്രമം സന്ദർശിച്ച ശേഷം മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്‌തേ ട്രംപ്' ചടങ്ങിന് ഇരുനേതാക്കളും സാക്ഷിയാകും. ഏകദേശം ഒരു ലക്ഷത്തലധികം ആളുകൾ 'നമസ്‌തേ ട്രംപ്' എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത്.
ട്രംപിന്‍റെ മകൾ ഇവാങ്ക ട്രംപ്, മരുമകനും ഉപദേശകനുമായ ജാറെഡ് കുഷ്‌നർ, വൈറ്റ് ഹൗസ് ചീഫ് മിക്ക് മുൽവാനി, വൈറ്റ് ഹൗസ് സീനിയർ അഡ്വൈസർ സ്റ്റീഫൻ മില്ലെർ, വൈറ്റ് ഹൗസ് സോഷ്യൽ മീഡിയ ഡയറക്‌ടർ ഡാൻ സ്‌കാവിനോ, മെലാനിയ ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ലിൻഡ്സെ റെയ്നോൾഡ്‌സ്, വൈറ്റ് ഹൗസ് അഡ്വൈസർ റോബർട്ട് ബ്ലെയർ, വൈറ്റ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം എന്നവരാണ് ട്രംപിനൊപ്പം ഇന്ത്യ സന്ദർശിക്കുന്ന മറ്റ് യുഎസ് പ്രതിനിധികൾ. ഫെബ്രുവരി 25 ന് രാത്രി പ്രത്യേക വിമാനത്തിലാണ് ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങുക.