ഭോപ്പാൽ: ഇൻഡോറിൽ കൊവിഡ് ബാധിച്ച് 56 കാരനായ ഡോക്‌ടർ മരിച്ചു. കൊവിഡ് ബാധിച്ച് ഇൻഡോറിൽ മരിച്ച ഡോക്‌ടർമാരുടെ എണ്ണം നാലായി. 45 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 3,830 ആയി ഉയർന്നു. 56 കാരനായ ഡോക്‌ടർക്ക് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചോയിത്രം ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് മെയ് 29 നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയും അദ്ദേഹത്തെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇൻഡോറിൽ കൊവിഡ് ബാധിച്ച് ഡോക്‌ടർ മരിച്ചു - മധ്യപ്രദേശ് കൊവിഡ്
കൊവിഡ് ബാധിച്ച് ഇൻഡോറിൽ മരിച്ച ഡോക്‌ടർമാരുടെ എണ്ണം നാലായി. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 3,830
ഇദ്ദേഹം ഇൻഡെക്‌സ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിഭാഗം മേധാവിയായിരുന്നു. ഇദ്ദേഹത്തെ കൂടാതെ മൂന്ന് ഡോക്‌ടർമാർക്കും എട്ട് നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിൽ ഒരു ഡോക്‌ടർ ചികിത്സയിൽ തുടരുന്നു, മറ്റുള്ളവർക്ക് രോഗം ഭേദമായി. ഇൻഡോറിൽ 2,566 പേർക്ക് രോഗം ഭേദമായി. 72 കാരനും, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സ്‌ത്രീയും മരിച്ചതോടെ മരണസംഖ്യ 159 ആയി ഉയർന്നു. മെയ് 14 നാണ് സ്‌ത്രീ മരിച്ചത്. എന്നാൽ 25 ദിവസത്തിന് ശേഷമാണ് ആരോഗ്യവകുപ്പ് മരണവിവരം പുറത്തുവിടുന്നത്. ആരോഗ്യവകുപ്പിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തുകൊണ്ട് പ്രതിപക്ഷവും ചില എൻജിഒകളും രംഗത്തെത്തി.