വവ്വാലുകളിൽ നിന്ന് എങ്ങനെയാണ് രോഗങ്ങൾ പകരുന്നതെന്ന് ആദ്യം ചർച്ച ചെയ്യാം. വവ്വാലുകൾ കൊവിഡ് രോഗത്തിന്‍റെ വാഹകരാണ് എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ആളുകൾ അതിനെ പറ്റി പരിഭ്രാന്തരാകുന്നത് അവസാനിപ്പിക്കണമെന്ന് ഹൈദരാബാദ് ആസ്ഥാനമാക്കിയ ബയോളജിസ്റ്റ് സി. ശ്രീനിവാസുലു പറയുന്നു. കൊവിഡെന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്ത് ഇപ്പോൾ എല്ലാ വിരലുകളും ഒരു ചെറിയ ദൈവ സൃഷ്‌ടിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വവ്വാല്‍ എന്ന സസ്‌തനിയില്‍ നിന്നാണ് വൈറസ് പകരുന്നതെന്ന സംശയം വർധിച്ചുവരികയാണ്. മുന്‍പുണ്ടായ എബോള, സാര്‍സ്, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വവ്വാലുകളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരുന്നു. ഓരോ വവ്വാലിനും കുറഞ്ഞത് രണ്ട് തരം വൈറസുകളുടെ വാഹകരാകാനാണ് കഴിയുക. ഈ വൈറസുകൾ മനുഷ്യരിലേക്ക് നേരിട്ട് പകരുകയോ അല്ലാത്ത പക്ഷം മൃഗങ്ങളിലേക്ക് ആദ്യം പകർന്ന് തുടർന്ന് മനുഷ്യനിലേക്ക് പകരുകയുമാണ് ചെയ്‌തിരുന്നത്. ഇത്തരത്തിലുള്ള വൈറസുകള്‍ക്ക് വവ്വാലുകൾ എങ്ങനെ വാഹകരാകുന്നു? ഇത് വിശദമായി ചർച്ച ചെയ്യേണ്ട ചോദ്യമാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള പകർച്ചവ്യാധികളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്നാണ് പകരുന്നത്. ഇത്തരത്തിൽ മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങളെ സൂനോട്ടിക് രോഗങ്ങൾ എന്നാണ് വിളിക്കുന്നത്. വവ്വാലുകൾക്ക് അറുപതിലധികം തരം വൈറസുകൾക്ക് അനുയോജ്യമായ രീതിയിൽ രോഗവാഹകരാകാന്‍ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യന്‍റെ പേശികള്‍ക്ക് പരിക്ക് സംഭവിക്കുമ്പോൾ പേശികളിൽ വേദന, നീർവീക്കം, എന്നിവ അനുഭവപ്പെടാറുണ്ട്. പരിക്കുകൾ മാറാൻ ശരീരം നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് വേദന അനുഭവപ്പെടുന്നത്. എന്നാൽ ചില സമയങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ന്യൂമോണിയ പോലുള്ള അവസ്ഥക്ക് ഇടവെക്കാറുണ്ട്. കൊവിഡിന്‍റെ കാര്യത്തിലും ശരീരത്തിൽ നടക്കുന്നതിങ്ങനെയാണ്. പക്ഷേ വവ്വാലുകള്‍ക്ക് ഇക്കാര്യത്തിൽ സവിശേഷമായ സംവിധാനമാണ് ഉള്ളത്. വായുവിൽ നില്ക്കാനായി വവ്വാലുകള്‍ ഒരു മിനിറ്റിനുള്ളിൽ നൂറ് തവണയെങ്കിലും ചിറകടിക്കണം. അതിനാൽ അവരുടെ പേശികൾക്ക് എളുപ്പത്തിൽ കേടുപാടുകൾ സഭവിക്കാം. എന്നാൽ അവയുടെ ശരീരത്തിലെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷി ഇത്തരം കേടുപാടുകൾ അതിവേഗത്തിൽ ശരിയാക്കും. വവ്വാലുകളില്‍ രോഗപ്രതിരോധ ശേഷി അപൂർവ്വമായി മാത്രമേ അമിതമായി പ്രതികരിക്കാറുള്ളു. അതുകൊണ്ട് തന്നെ വവ്വാലുകളിൽ രോഗ പ്രതിരോധ സംവിധാനം എല്ലായ്പ്പോഴും വൈറസുകളെ നേരിടാൻ തയ്യാറാണ്. വവ്വാലുകളുടെ ശരീരം വൈറസസുകളെ അവയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നില്ലെങ്കിലും, ആ അണുബാധ വവ്വാലുകള്‍ക്ക് ദോഷം ചെയ്യാറില്ല. ഇപ്രകാരമാണ് വവ്വാലുകൾ രോഗകാരികളായ വൈറസുകള്‍ക്ക് മികച്ച വാഹകരാകുന്നത്. ഇതിനർഥം, വൈറസുകൾക്ക് വവ്വാലുകളെ ബാധിക്കാൻ കഴിയില്ല എന്നാണ്. അനുയോജ്യമായ മറ്റൊരു ആതിഥേയ ശരീരം കണ്ടെത്തുന്നതുവരെ വൈറസുകൾ വവ്വാലുകളുടെ ശരീരത്തിൽ വസിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വവ്വാലുകൾക്ക് വളരെ ദൂരം പറക്കാൻ കഴിയും. പറക്കലിനിടെ, പക്ഷിയെയോ മൃഗത്തെയോ കടിക്കുക വഴിയോ, അല്ലെങ്കില്‍ മൂത്ര-മല വിസര്‍ജനം നടത്തുന്നത് വഴിയോ ആണ് വൈറസുകൾക്ക് പുറത്ത് കടക്കാനാകുക. വവ്വാലുകളെ സ്‌പർശിക്കുകയോ, വേട്ടയാടുകയോ, ഭക്ഷിക്കുകയോ ചെയ്‌താൽ പകർച്ച വ്യാധികള്‍ പിടിപ്പെടാം. അതായത് മനുഷ്യർ മനപൂർവ്വം അവയുമായി സമ്പർക്കം പുലർത്തുന്നില്ലെങ്കിൽ വൈറസ് പകരില്ല. 2002ൽ സാര്‍സ് വൈറസ് വവ്വാലുകളിൽ നിന്നും വെരുകുകളിലേക്ക് പകര്‍ന്നു. ചൈനീസ് മൃഗ കമ്പോളങ്ങളില്‍ മയിലുകൾ, വവ്വാലുകൾ, മാൻ, അണ്ണാൻ തുടങ്ങി നൂറ്റിഇരുപതിലധികം വന്യജീവികള്‍ വില്‍പനക്കായി എത്താറുണ്ട്. വില്‍ക്കാന്‍ എത്തിക്കാറുള്ള മൃഗങ്ങളെ കൂടുകളിലാണ് സൂക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചാണ് ഇവയെ കശാപ്പ് ചെയ്യാറുള്ളത്. ചൈനയിൽ ഇരുപതിനായിരത്തോളം വന്യജീവി വളർത്തൽ കേന്ദ്രങ്ങളുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. വുഹാൻ മൃഗ വില്‍പന കമ്പോളത്തില്‍ മാത്രം ആയിരത്തോളം ഇറച്ചി കടകളുണ്ട്. കൊവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസ് അത്തരമൊരു മൃഗ വിപണിയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു. ചൈനയിലെ ഒരു വിഭവമായ വെരുകുകളുടെ ഇറച്ചിയില്‍ നിന്നാണ് സാര്‍സ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നത്. നോവൽ കൊറോണ വൈറസ് സമാനമായ രീതിയിലാണ് മനുഷ്യരുമായി സമ്പർക്കത്തില്‍ വന്നതെന്ന് സംശയിക്കാവുന്നതാണ്. .
കൊവിഡിന്‍റെ വ്യാപനത്തെ പ്രതിരോധിക്കാൻ വവ്വാലുകളെ കൊല്ലുക എന്ന ആശയത്തിനോട് വിദഗ്‌ധർ എല്ലാം തന്നെ എതിരാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വവ്വാലുകൾ പ്രധാന പങ്ക് വഹിക്കുന്നതിനാൽ അവയുടെ സാന്നിധ്യം പരിസ്ഥിതിക്ക് വിലപ്പെട്ടതാണ്. ഭക്ഷ്യവിളകളെ നശിപ്പിക്കുന്ന കീടങ്ങളെയും എലികളെയുമാണ് വവ്വാലുകള്‍ ഇരയാക്കുന്നത്. കൂടാതെ, ഭക്ഷണത്തിനായി അവ ഇര തേടുന്ന സമയത്ത് സസ്യങ്ങളിൽ പരാഗണം നടത്തുന്നതിനും ഇത് കാരണമാകുന്നുണ്ട്. കൊവിഡ് അണുബാധ ലോകമെമ്പാടും അപകടകരമായ രീതിയിലേക്ക് മാറുമ്പോള്‍ ആളുകൾ വവ്വാലിന്‍റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ഭയപ്പെടുന്നു. ഹൈദരാബാദ് നഗരത്തിന്‍റെ 100 കിലോമീറ്റർ ചുറ്റളവിൽ പതിനാറ് ഇനം വവ്വാലുകളാണ് ഉള്ളത്. തെലങ്കാനയിൽ മാത്രം പതിനെട്ട് ഇനം വവ്വാലുകള്‍ ഉണ്ട്. 1990 വരെ ഹൈദരാബാദിലെ ഗൊൽക്കൊണ്ട കോട്ടയിൽ 12,000 വവ്വാലുകളുടെ ഒരു വലിയ കോളനി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 4,000 ആയി കുറഞ്ഞു.
പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ മാറ്റാനുള്ള ചൈനയുടെ മുന്‍കാല ശ്രമങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നതിലാണ് പരിണമിച്ചത്. 1958ൽ മാവോ സെ ദോങ്ങിന്‍റെ നേതൃത്വത്തിൽ ചൈന നാല് തരം കീടങ്ങളെ കൊന്നൊടുക്കാന്‍ ആരംഭിച്ചു. മലേറിയയ്ക്ക് കാരണമായ കൊതുകുകൾ, പ്ലേഗ് പടര്‍ത്തുന്ന എലി, വായുവിലൂടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഈച്ചകൾ, വിളകളെ നശിപ്പിക്കുന്ന കുരുവികൾ എന്നിവയായിരുന്നു ഈ നാല് കീടങ്ങൾ. കുരുവികളാണ് ഏറ്റവും കൂടുതൽ കൊന്നൊടുക്കപ്പെട്ടത്. ബെയ്‌ജിങ്ങിലെ പോളിഷ് എംബസിയിൽ അഭയം തേടിയ കുരുവികളെ കൊന്നൊടുക്കാൻ ചൈനയിലെ പൗരന്മാർ ഒത്തുകൂടി. പോളിഷ് എംബസി ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചെങ്കിലും ആളുകൾ കെട്ടിട മതിലിനു വെളിയില്‍ ചെണ്ടകള്‍ കൊട്ടി കുരുവികളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന ചെണ്ട കൊട്ടല്‍ കാരണം കുരുവികൾ കൂട്ടമായി ചത്തൊടുങ്ങി. 1960 ആയപ്പോഴേക്കും ചൈനീസ് ഭരണാധികാരികൾക്കു തങ്ങള്‍ ചെയ്‌തത് ബുദ്ധിമോശമാണെന്ന് ബോധ്യമായി. അവരുടെ കണക്കുകൾക്ക് വിരുദ്ധമായി വെട്ടുക്കിളികളുടെ എണ്ണം കൂടുകയും തല്‍ഫലം കാര്‍ഷിക വിളവ് കുറയുകയും ചെയ്‌തു. 1959-61 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ കാരണം കുറഞ്ഞത് 1.5 കോടി ആളുകളാണ് ചൈനയില്‍ മരിച്ചത്. നഷ്ടപ്പെട്ട പ്രകൃതി സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ ചൈനക്ക് സോവിയറ്റ് യൂണിയനിൽ നിന്നും 2.5 ലക്ഷം കുരുവികളെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ഈ അനുഭവം കണക്കിലെടുത്താണ് പരിസ്ഥിതി പ്രവർത്തകർ വവ്വാലുകളെ കൊല്ലുന്നത് ഒഴിവാക്കണം എന്നു ആവശ്യപ്പെടുന്നത്.