ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ സമാജ് വാദി പാർട്ടി നേതാക്കളായ മുലായം സിങ് യാദവിനും മകൻ അഖിലേഷ് യാദവിനും സിബിഐയുടെ ക്ലീൻചിറ്റ്. കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇരുവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയത്.
അനധികൃത സ്വത്ത് സമ്പാദന കേസ് : മുലായത്തിനും അഖിലേഷിനും സിബിഐയുടെ ക്ലീൻ ചിറ്റ് - അഖിലേഷ് യാദവ്
തെളിവ് ലഭിക്കാതിരുന്ന സാഹചര്യത്തിൽ കേസന്വേഷണം അവസാനിപ്പിച്ചെന്നും സിബിഐ കോടതിയിൽ
അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഒരു തെളിവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ 2013 ആഗസ്റ്റിൽ കേസന്വേഷണം അവസാനിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവർക്കെതിരെയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സിബിഐ കോടതിയിൽ അറിയിച്ചു.
മുലായം സിങിനെതിരെ കോൺഗ്രസ് നേതാവായ വിശ്വനാഥ് ചതുർവേദിയാണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് 2005-ല്‍ഹർജി നൽകിയത്. കേസ് പരിഗണിച്ച സുപ്രീംകോടതി 2007 മാർച്ച് ഒന്നിന് കേസ് സിബിഐക്ക് വിട്ടു. തുടർന്ന് 2019 മാർച്ച് 29-ന് സുപ്രീംകോടതി സ്ഥിതി വിവര റിപ്പോർട്ട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയുള്ള സിബിഐയുടെ സത്യവാങ്മൂലം.