ന്യൂഡൽഹി:വൈദ്യുതി വിതരണ കമ്പനികളോട് ബില്ലുകൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഡിജിറ്റലൈസ് ചെയ്യാൻ ആവശ്യപ്പെട്ട് സര്‍ക്കാര്‍. ബില്ലിങ് കാര്യക്ഷമമാക്കുന്നതിനായി സ്‌മാർട്ട് പ്രീപെയ്‌ഡ് മീറ്ററുകൾ സ്ഥാപിക്കാനും സർക്കാർ നിര്‍ദേശിച്ചു. ഇതോടെ മീറ്ററിന്‍റെ ചിത്രം അയച്ചോ റീഡിങ് എസ്എംഎസ് വഴി അയച്ചോ വൈദ്യുതി ഉപഭോഗം സ്വയം വിലയിരുത്താൻ വൈദ്യുതി വിതരണ കമ്പനികള്‍ (ഡിസ്‌കോംസ്) ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കും.
പവർ ഫിനാൻസ് കോർപ്പറേഷനും (പിഎഫ്‌സി) ആർഇസി ലിമിറ്റഡും വിതരണം ചെയ്യുന്ന വായ്‌പകളുടെ ആദ്യ വിഹിതം അനുവദിക്കുന്നതിനുള്ള മുൻ വ്യവസ്ഥകളിലൊന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ വൈദ്യുത മേഖലക്ക് പ്രഖ്യാപിച്ച 90,000 കോടി രൂപയുടെ പാക്കേജിന് കീഴിലാണ് വായ്‌പ അനുവദിക്കുന്നത്. 45,000 കോടി രൂപ വീതമുള്ള രണ്ട് തവണയായാണ് ധനസഹായം നല്‍കുന്നത്. വൈദ്യുതി വിതരണച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം ഊര്‍ജ വിതരണ കമ്പനികള്‍ കുറക്കേണ്ടതുണ്ട്. കൂടാതെ വായ്‌പകളുടെ രണ്ടാമത്തെ ഗഡു വിതരണം ചെയ്യുന്നതിനായി മൊത്തം സാങ്കേതിക വാണിജ്യ നഷ്‌ടങ്ങൾ കുറക്കുകയും വേണം.