ന്യൂഡൽഹി: യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ദരിദ്ര വിരുദ്ധരും ദലിത് വിരുദ്ധരും സംസ്ഥാനത്തെ കുറ്റവാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നവരുമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ട്വിറ്ററിലൂടെയാണ് ദിഗ്‌വിജയ സിംഗ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ എല്ലാ പ്രവർത്തകരും ഇരയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും സിംഗ് ട്വീറ്റ് ചെയ്‌തു. പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റ് ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിക്കുകയും യുപിയിലെ ക്രമസമാധാനം വളരെയധികം തകർന്നിരിക്കുകയാണെന്നും പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ദിഗ്‌വിജയ സിംഗ് - ദിഗ്‌വിജയ സിംഗ് ട്വീറ്റ്
കോൺഗ്രസ് പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റ് ഉദ്ധരിച്ചാണ് ദിഗ്‌വിജയ സിംഗ് യുപി സർക്കാരിനെ വിമർശിച്ചത്.
ഹത്‌റാസ്, ഷാജഹാൻപൂർ, ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ ബലാത്സംഗ സംഭവങ്ങൾ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. യുപിയിലെ ക്രമസമാധാനം ഒരു പരിധിവരെ അധ:പതിച്ചിരിക്കുന്നുവെന്നും സ്‌ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും തന്നെയില്ലയെന്നും, കുറ്റവാളികൾ പരസ്യമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്നും ഈ പെൺകുട്ടിയെ കൊന്നവരെ കഠിനമായി ശിക്ഷിക്കണമെന്നുമാണ് പ്രിയങ്ക ട്വീറ്റ് ചെയ്‌തത്. യുപിയിലെ സ്‌ത്രീകളുടെ സുരക്ഷയ്ക്ക് യോഗി ആദിത്യനാഥ് ഉത്തരവാദിയാണെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ പറയുകയും ചെയ്‌തു. രണ്ടാഴ്‌ച മുൻപ് ഹത്‌റാസിൽ കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളേജിൽ നിന്ന് തിങ്കളാഴ്‌ചയാണ് സഫ്‌ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി രണ്ടാഴ്‌ച ജീവിതത്തോടും മരണത്തോടും മല്ലിട്ട് ചൊവ്വാഴ്‌ച സഫ്‌ദർജംഗ് ആശുപത്രിയിൽ വച്ച് മരണത്തിലേക്ക് യാത്രയായി. ഹത്‌റാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്‌ച പുലർച്ചെ സ്വന്തം നാട്ടിൽ നടന്നു.