ന്യൂഡല്‍ഹി: പ്രിന്‍റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. യുപിഎസ്‌സി ജിഹാദ് എന്ന പേരിൽ സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.
പ്രിന്‍റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ ഇവയെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.