ന്യൂഡൽഹി:ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് 2019 ജൂലൈയിൽ കരിപ്പൂർ വിമാനത്താവളം ഡയറക്ടർ കെ. ശ്രീനിവാസ റാവുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). റൺവേയിലെ വിള്ളലുകൾ, വെള്ളക്കെട്ട്, അമിതമായ റബ്ബർ നിക്ഷേപം എന്നിവ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കഴിഞ്ഞ ജൂലൈ രണ്ടിന് വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ടെയിൽ സ്ട്രൈക്ക് ഉണ്ടായതിനെ തുടർന്നാണ് ഡിജിസിഎ പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാ വീഴ്ച; മുന്നറിയിപ്പ് നൽകിയിരുന്നതായി ഡിജിസിഎ - ഡിജിസിഎ
റൺവേയിലെ വിള്ളലുകൾ, വെള്ളക്കെട്ട്, അമിതമായ റബ്ബർ നിക്ഷേപം എന്നിവ ഡിജിസിഎ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
![കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാ വീഴ്ച; മുന്നറിയിപ്പ് നൽകിയിരുന്നതായി ഡിജിസിഎ DGCA Kozhikode crash Kozhikode airport critical safety lapses Calicut Kerala plane mishap AIr India crash show cause notice DGCA notice to Kozhikode airport കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാ വീഴ്ച മുന്നറിയിപ്പ് നൽകിയിരുന്നതായി ഡിജിസിഎ ഡിജിസിഎ കരിപ്പൂർ വിമാനത്താവളം ഡയറക്ടർ കെ. ശ്രീനിവാസ റാവു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8340506-895-8340506-1596869601253.jpg)
റൺവേയുടെ ടച്ച്‌ഡൗൺ സോണിന്‍റെ ഇരുവശത്തും റൺവേ സി / എൽ അടയാളപ്പെടുത്തൽ മുതൽ മൂന്ന് മീറ്റർ വരെ പ്രദേശത്ത് അമിതമായ റബ്ബർ നിക്ഷേപം നിരീക്ഷിച്ചതായും നോട്ടീസിൽ പറയുന്നു. റൺവേ എഡ്‌ജിനും റൺവേ 28ലെ ഇന്‍റർമീഡിയറ്റ് ടേൺ പാഡിനും ഇടയിലുള്ള സ്ഥലത്ത് 1.5 മീറ്ററോളം ഉയരത്തിൽ വെള്ളക്കെട്ടും കണ്ടെത്തി. എയർക്രാഫ്റ്റ് സ്റ്റാൻഡ് നമ്പർ 5ൽ നിരവധി വിള്ളലുകൾ ഡിജിസിഎ കണ്ടെത്തി. 111 മീറ്ററോളം വരുന്ന ആപ്രോൺ ഉപരിതലത്തിന്‍റെ ഒരു ഭാഗം കേടായതായും നിരീക്ഷിച്ചു. വിമാനം പാർക്ക് ചെയ്യുന്നതും ഇന്ധനം നിറയ്ക്കുന്നതും യാത്രക്കാർ കയറുന്നതുമായ വിമാനത്താവളത്തിന്‍റെ പ്രദേശമാണ് ആപ്രോൺ.
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ IX 1344 വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. 10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എ.ഐ.ഐ.ബി (എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ), ഡി.ജി.സി.എ, ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ അപകടസ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു.