മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നിയമസഭയുടെ കാലാവധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് നിലവിലെ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നവിസ് രാജ്ഭവനില്‍ എത്തി ഗവർണർ ഭഗത് സിംഗ് കോശ്യാരിക്ക് രാജികത്ത് നല്‍കിയത്. ബിജെപി മന്ത്രിമാരും ഫഡ്‌നവിസിനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മുഖ്യമന്ത്രി പദം എന്ന ആവശ്യത്തില്‍ ശിവസേന ഉറച്ച് നിന്നതോടെയാണ് മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം പ്രതിസന്ധിയാലയത്. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവന്ദ്ര ഫഡ്‌നവിസിന് കാവല്‍ മുഖ്യമന്ത്രിയായി തുടരാൻ സാവകാശം ഉള്ളത്. തന്നെ പിന്തുണച്ചതിന് ജനങ്ങളോട് ദേവേന്ദ്ര ഫഡ്‌നവിസ് നന്ദി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഫഡ്‌നവിസ്; തീരാതെ രാഷ്ട്രീയ വടംവലി
എൻസിപി അധ്യക്ഷൻ ശരത് പവാറുമായി ചർച്ച നടത്താൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്‍റെ വസതിയിലെത്തി
ഇതിനിടെ എൻസിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ശിവസേന. എൻസിപി അധ്യക്ഷൻ ശരത് പവാറുമായി ചർച്ച നടത്താൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്‍റെ വസതിയിലെത്തി. മഹാരാഷ്ട്രയില്‍ ബിജെപി കുതിരക്കച്ചവടം ശക്തമാക്കിയതോടെ നവംബർ 15 വരെ നിയുക്ത എംഎല്‍എമാർക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവസേന പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റിയും സമവായ ചർച്ചകൾക്കുള്ള വഴികൾ അടച്ചും സമ്മർദ്ദം ശക്തമാക്കുകയാണ് ശിവസേന. സേനയെ തണുപ്പിക്കാൻ ആർഎസ്എസിനെ രംഗത്തിറക്കിയുള്ള ബിജെപിയുടെ നീക്കവും ഫലം കാണാത്തത് പ്രതിസന്ധി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.