ന്യൂഡൽഹി: കൊവിഡ് 19 മഹാമാരി പൊട്ടി പുറപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് ആഗോള സ്ഥാപനം അനുയോജ്യമായ സമയത്ത് സ്വതന്ത്രമായ ഒരു പുനപരിശോധന നടത്തണമെന്ന ആവശ്യം ഓസ്‌ട്രേലിയ തുടര്‍ന്നും ഉന്നയിച്ചു കൊണ്ടിരിക്കുന്നു എന്ന് ഇന്ത്യയിലെ ഹൈകമ്മീഷണറായി നിയുക്തനായ ബാരി ഒ ഫാരല്‍ പറഞ്ഞു.
ഓസ്‌ട്രേലിയ ഇത്തരമൊരു അന്വേഷണത്തിന് തുടര്‍ന്നും ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നാല്‍ ആ രാജ്യത്തു നിന്നുള്ള വൈനിൻ്റെയും ബീഫിൻ്റെയും ഇറക്കുമതി നിര്‍ത്തിവെക്കുമെന്ന് കാന്‍ബറയിലെ ചൈനയുടെ സ്ഥാനപതിയുടെ നിലപാട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയക്കൊപ്പം ചേര്‍ന്നാല്‍ ന്യൂസിലന്‍ഡും വ്യാപാര പ്രഖ്യാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തത്വാധിഷ്‌ഠിതമായ പ്രശ്‌നമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഓസ്‌ട്രേലിയ തുടര്‍ന്നും തുറന്ന് സംസാരിക്കുക തന്നെ ചെയ്യുമെന്ന് ഹൈകമ്മീഷണര്‍ പറഞ്ഞു.
മുതിര്‍ന്ന പത്രപ്രവര്‍ത്തക സ്‌മിതാ ശര്‍മ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം സ്ഥാനമേറ്റെടുത്ത പുതിയ ഹൈകമ്മീഷണര്‍ ഈ പുനപരിശോധന ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്ന് കണക്കാക്കരുതെന്നും സുതാര്യത ഉറപ്പാക്കുന്നതിനായി യു എന്‍ തലത്തിലുള്ള ഏതെങ്കിലും സ്വതന്ത്ര സ്ഥാപനം അത് നടത്തേണ്ടതാണെന്നും പറഞ്ഞു.
നാലു വര്‍ഷം മുന്‍പ് ചൈന തായ്‌വാനെ ലോകാരോഗ്യ സംഘടനയില്‍ നിന്നും പുറത്താക്കിയതിനു ശേഷം ഇതാദ്യമായി ഓസ്‌ട്രേലിയ അവരെ നിരീക്ഷകരായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹൈകമ്മീഷണര്‍ ഇങ്ങനെ പറഞ്ഞു. “നിങ്ങള്‍ ഒരു രാഷ്ട്രമാണെങ്കില്‍, നിങ്ങള്‍ക്ക് ഏതെങ്കിലും രൂപത്തിലുള്ള ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ മനുഷ്യര്‍ വസിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഒരു ഭാഗമായിരിക്കണം. കാരണം നിങ്ങള്‍ രോഗങ്ങള്‍ക്കെതിരെ എല്ലാം പ്രതിരോധ ശേഷി ഉള്ളവരായിക്കൊള്ളണമെന്നില്ല എന്നതു മാത്രമല്ല, ഈ സംഘടന പ്രസ്തുത സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിന് സഹായിക്കുന്നതിനായി ഉള്ളതുമാണ്.'' അടുത്ത ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ഇന്ത്യ കൂടി അംഗമായി എത്തുന്നതോടു കൂടി അത് അന്താരാഷ്ട്ര സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
കൊവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വളരെ നേരത്തെ തന്നെ നടപടി എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഹൈകമ്മീഷണര്‍, ഈ മഹാമാരിയില്‍ നിന്നും പുറത്തു കടന്ന് വളരുമെന്ന് പ്രവചിക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ടെന്ന് ഊന്നി പറയുകയും ചെയ്തു. അത് ഇന്ത്യാ പസഫിക് മേഖലയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരത്തെ തന്നെയുള്ള നടപടികളും ഒരു ജനാധിപത്യത്തില്‍ അസാധാരണമായ ദേശീയ അടച്ചു പൂട്ടലിനോടുള്ള ജനങ്ങളുടെ പ്രതികരണവും അനിതര സാധാരണമായിരുന്നു. ഏകാധിപത്യ രാജ്യങ്ങളില്‍ അടച്ചു പൂട്ടല്‍ നടപ്പിലാക്കുക വളരെ എളുപ്പമുള്ള കാര്യമാണ്. ചൈന ഏതാനും പ്രവിശ്യകളും ഏതാനും നഗരങ്ങളും അടച്ചു പൂട്ടിയത് നമ്മള്‍ കണ്ടതാണ്. പക്ഷെ ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ സ്വമേധയാ അടച്ചു പൂട്ടലിന് തയ്യാറായ കാര്യമാണെന്ന്,'' ഹൈകമ്മീഷണര്‍ പറഞ്ഞു. ആഗോള വിതരണ ശൃംഖലയില്‍ കൂടുതല്‍ വലിയ പങ്കാളിത്തം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ഓസ്‌ട്രേലിയ അതിശക്തമായി പിന്തുണക്കുന്നു എന്ന് കൂട്ടി ചേര്‍ത്ത അദ്ദേഹം ഇന്ത്യ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറുവാന്‍ മാത്രം കരുത്തുള്ള രാജ്യമാണെന്ന് ലോകത്തിനു കാട്ടി കൊടുക്കുവാന്‍ പറ്റുന്ന വിധം ആര്‍ സി ഇ പി യിലേക്ക് തിരിച്ചു വരുവാന്‍ ഒരു അനുയോജ്യമായ സമയം കൂടിയാണെന്ന് പറയുന്നു.
നിരവധി സര്‍വ്വകലാശാലകള്‍ കാമ്പസുകളില്‍ നിന്നും പഠനം ഓണ്‍ലൈനിലേക്ക് മാറ്റുവാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെങ്കിലും ഉഭയകക്ഷി ബന്ധത്തിൻ്റ് ഒരു ശക്തമായ ഘടകമായി വിദ്യാഭ്യാസം തുടര്‍ന്നും നിലനില്‍ക്കും എന്ന് ഓസ്‌ട്രേലിയന്‍ ഹൈകമ്മീഷണര്‍ പറഞ്ഞു. കൊറോണ വൈറസ് തടയുന്നതിനായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിനു ശേഷം ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും ഏറ്റവും ആദ്യം വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ പോകുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും എന്നും അദ്ദേഹം പ്രതീക്ഷിച്ചു. അദ്ദേഹവുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
ചോദ്യം: കൊവിഡ് യുഗത്തിനു ശേഷമുള്ള കാലത്തെ ഇന്ത്യാ-പസഫിക്കിലെ ഏറ്റവും പ്രധാനപ്പെട്ട വ്യതിയാനം എന്തായിരിക്കും? അധികാരങ്ങള്‍ പടിഞ്ഞാറില്‍ നിന്നും കിഴക്കിലേക്ക് മാറുമോ?
ഉത്തരം: കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മോചിതമായി വളര്‍ച്ച പ്രാപിക്കും എന്ന് പ്രവചിക്കപ്പെട്ട ഏതാനും രാജ്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുമായി ചുറ്റിപറ്റിയുള്ള ഒരു പ്രധാനപ്പെട്ട മാറ്റമായിരിക്കും ഇവിടെ ഉണ്ടാകാന്‍ പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തി വരുന്നുണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ. ഈ പ്രതിസന്ധി വേളയില്‍ ഇന്ത്യ വളരെ വ്യക്തമായ നേതൃപാടവം കാട്ടി കഴിഞ്ഞു. അയല്‍ രാജ്യങ്ങളോടുള്ള സമീപനത്തില്‍ മാത്രമല്ല ഇതു കാണുന്നത്. മറിച്ച് ലോകത്താകമാനമുള്ള പല രാജ്യങ്ങള്‍ക്കും മരുന്നുകളും പിപിഇകളും മറ്റും നല്‍കി കൊണ്ട് ഇന്ത്യ നടത്തി കൊണ്ടിരിക്കുന്ന സഹായ പരിപാടികള്‍ ഓരോ ആഴ്‌ചയിലും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. മറ്റ് പല രാജ്യങ്ങളും ഈ പ്രതിസന്ധിയോട് പോരാടാൻ ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യയുടെ ഈ നടപടികള്‍. ഇന്ത്യ കൂടുതല്‍ വലിയ അന്താരാഷ്ട്ര പങ്കാളിത്തം വഹിക്കുന്നു എന്നത് ഈ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമാണ്. ഇന്ത്യാ-പസഫിക് മേഖലയിലും ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പല കാരണങ്ങളാല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ലോകത്തെ ഏറ്റവും വലിയ 10 സൈനിക ചെലവിടല്‍ രാജ്യങ്ങളില്‍ ആറ് മാത്രമല്ല, ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തെ ആറ് വലിയ സമ്പദ് വ്യവസ്ഥകളില്‍ അഞ്ചും ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പസഫിക് മുതല്‍ ഇന്ത്യാ സമുദ്രം വരെയും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉടനീളം ഓസ്‌ട്രേലിയയും ഇന്ത്യയും ഒരുപക്ഷെ ഇന്തോനേഷ്യയും കൂടുതല്‍ ശക്തമായ പങ്ക് വഹിക്കുമെന്ന് നമ്മള്‍ മുന്‍കാണുന്നു.
ചോദ്യം: യു എസില്‍ ഇത് തെരഞ്ഞെടുപ്പ് വര്‍ഷമാണ്. അതിനാല്‍ ആഗോള നേതൃത്വം സംബന്ധിച്ച് യു എസ് കൂടുതല്‍ കരുതല്‍ എടുക്കുമോ അല്ലെങ്കില്‍ വിമുഖത കാട്ടുമോ?
ഉത്തരം: ഇരു ഭാഗങ്ങളിലേയും വിവിധ ഭരണകൂടങ്ങളിലൂടെ നോക്കി കണ്ടുകൊണ്ടുള്ള എൻ്റെ വ്യക്തിപരമായ അഭിപ്രായം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുന്നോട്ട് വന്ന് കാര്യങ്ങളില്‍ ഇടപെടുവാന്‍ കുറഞ്ഞ താല്‍പര്യമേ യുഎസ് കാട്ടിയിട്ടുള്ളൂ എന്നതാണ്. ദേശീയതയും മത്സരവുമെല്ലാം ലോകാക്രമത്തെ അട്ടിമറിക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ബ്രൂണേയില്‍ വിദേശ കാര്യ മന്ത്രി ജയശങ്കര്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നിന്ന് എടുത്തു പറയുകയാണ് ഞാന്‍. ഇക്കാരണത്താല്‍ ഇന്നിപ്പോഴുള്ള ഈ സ്ഥിതിയില്‍ രാജ്യങ്ങള്‍ പരസ്‌പരം കൈകോര്‍ത്തു കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ തയ്യാറാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ മറിച്ച് ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ അകന്നു പോയികൊണ്ടിരിക്കുകയാണ് എന്ന വസ്തുതയാണ് മുന്നില്‍ തെളിയുക.
ചോദ്യം: ലോകം കൂടുതല്‍ കാലത്തേക്ക് ദേശീയതയിലേക്കും സ്വയം സംരക്ഷണത്തിലേക്കും ഉള്‍വലിയുവാന്‍ കാരണമാകും കൊവിഡ് എന്ന് താങ്കള്‍ മുന്‍ കൂട്ടി കാണുന്നുണ്ടോ? രാജ്യങ്ങള്‍ കൂടുതല്‍ തങ്ങളിലേക്ക് ഒതുങ്ങി കഴിയുമോ?
ഉത്തരം: വിവിധ തലങ്ങളില്‍ സമൂഹങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സഹായകമായിരുന്ന നിയമങ്ങളും നിബന്ധനകളും എത്രത്തോളം നിലനില്‍ക്കും എന്നുള്ളതാണ് ഇപ്പോഴും നയതന്ത്ര പ്രതിനിധികളെ സംബന്ധിച്ചിടത്തോളം ഉള്ള പ്രശ്‌നം. സമുദ്രാതിര്‍ത്തി സംബന്ധിച്ച പ്രശ്‌നങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധയൂന്നുമ്പോള്‍ കപ്പലുകള്‍ നിശ്ചിതമായ നിയമങ്ങളും നിബന്ധനകളും ബാധകമായി കൊണ്ടാണ് സഞ്ചരിക്കുന്നത് എന്നു കാണാം. ഐക്യരാഷ്ട്ര സഭയുടെ സമുദ്ര നിയമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും ഉള്‍കൊള്ളുന്ന യു എന്‍ സി എല്‍ ഒ എസ് ആണ് ഇക്കാര്യങ്ങളെ നിയന്ത്രിക്കുന്നത്. മത്സരത്തില്‍ മുന്നിലെത്തുന്നതിനും, അല്ലെങ്കില്‍ ദേശീയതയുടെ പേരില്‍ ഇക്കാര്യങ്ങളെല്ലാം രാജ്യങ്ങള്‍ തടസ്സപ്പെടുത്തുവാനോ ലംഘിക്കുവാനോ തുടങ്ങിയാല്‍ ലോകത്തിനു തന്നെ അതൊരു പ്രശ്‌നമായി തീരും. സന്തുലിതാവസ്ഥകള്‍ മാറുന്നതും വ്യതിയാനങ്ങളുമൊക്കെയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടു വരുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളിലേക്ക് രാജ്യങ്ങള്‍ക്ക് ഭരണകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ സഹായകരമാകുന്ന വിധം ഒരു പറ്റം പോംവഴികളുമായി രണ്ടാം ലോക മഹായുദ്ധത്തില്‍ നിന്നും നമ്മള്‍ പുറത്തേക്ക് കടന്നതു പോലെ അത്തരം പ്രവര്‍ത്തന രീതികളുടെ സന്തുലിതാവസ്ഥകളില്‍ ചില മാറ്റങ്ങള്‍ ഇപ്പോഴും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.
ചോദ്യം: കൊവിഡ്-19 ൻ്റെ കാരണത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നുള്ള ആവശ്യം തുടര്‍ന്നും ഓസ്‌ട്രേലിയ ഉന്നയിച്ചു കൊണ്ടിരുന്നാല്‍ അവിടെ നിന്നുള്ള വൈനിൻ്റെയും ബീഫിൻ്റെയും ഇറക്കുമതി നിര്‍ത്തി വെക്കുമെന്ന് ഓസ്‌ട്രേലിയയിലെ ചൈനീസ് നയതന്ത്ര പ്രതിനിധി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. വ്യാപാര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ന്യൂസിലാന്‍ഡിനോടും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതൊക്കെ എവിടെ കൊണ്ട് ചെന്നെത്തിക്കും കാര്യങ്ങള്‍?
ഉത്തരം: ഇന്ത്യയെ പോലെ ഓസ്‌ട്രേലിയയും ലോകാരോഗ്യ സംഘടനയുടെ സുഹൃത്താണ്. അവര്‍ ഞങ്ങളുടെ അയല്‍പക്കങ്ങളില്‍ പ്രത്യേകിച്ച് പെസഫിക്കിനു അപ്പുറത്തുള്ള ഞങ്ങളുടെ കാഴ്ചപാടുകള്‍ക്ക് അനുസൃതമായി വലിയ കാര്യങ്ങള്‍ ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. നമുക്ക് തടുത്ത് നിര്‍ത്തേണ്ടിയിരിക്കുന്ന മഹാമാരിയുടെ വലിപ്പത്തെ കുറിച്ച് അത് നമുക്ക് ഒട്ടേറെ അവബോധം നല്‍കുന്നുണ്ട്. ഇനി ഇതുപോലെ ഒന്നുണ്ടായാല്‍ അത് തടയുവാനും അതില്‍ നിന്ന് പുറത്തു കടക്കുവാനും നമ്മള്‍ കുറെ കൂടി മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അതൊക്കെ നമ്മെ സഹായിക്കുന്നു. ഇനിയും ഇത്തരത്തിലൊന്ന് വരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കോവിഡിന്റെ പിടിയില്‍ നിന്നും ജനങ്ങള്‍ പുറത്തു കടന്ന ശേഷം അനുയോജ്യമായ ഒരു സമയത്ത് സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര പുനപരിശോധനയെ ഓസ്‌ട്രേലിയ പിന്തുണക്കുന്നു. ഈ രോഗം എത്രത്തോളം പടര്‍ന്നു എന്ന് വിലയിരുത്തുകയും വ്യത്യസ്ത രാജ്യങ്ങള്‍ വ്യത്യസതമായ എന്തൊക്കെ സമീപനങ്ങള്‍ സ്വീകരിച്ചു എന്നും ഈ സമീപനങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിവരങ്ങള്‍ എത്രത്തോളം പങ്ക് വെക്കണമെന്നും ആഗോളമായ ഒരു പ്രതികരണത്തിനായി ലോകാരോഗ്യ സംഘടന എത്രത്തോളം ശ്രമിച്ചു എന്നുമൊക്കെ അറിയുന്നതിനാണ് ഇത്. ഇത് ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തേയോ സ്ഥാപനത്തേയോ ഉദ്ദേശിച്ചുള്ളതല്ല. ഇത് വിമര്‍ശനങ്ങള്‍ക്കുള്ള സമയമല്ല. പക്ഷെ തുറന്ന മനസ്സും സുതാര്യതയും പുലര്‍ത്തുവാനുള്ള സമയമായിരിക്കുന്നു. എന്നാല്‍ മാത്രമേ ഇതേ പോലുള്ള മറ്റൊരു മഹാമാരിയെ ഇനിയൊരു ഘട്ടത്തില്‍ ലോകം നേരിടേണ്ടി വരുമ്പോള്‍ അത് കൈകാര്യം ചെയ്യുവാന്‍ നമ്മള്‍ മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുത്ത് നില്‍ക്കുകയുള്ളൂ.
ചോദ്യം: പക്ഷെ ഈ പുനപരിശോധന ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ചിട്ടുള്ളതല്ല എങ്കില്‍ ആ നയതന്ത്ര പ്രതിനിധി എന്തിനാണ് തന്റെ പ്രതികരണത്തിലൂടെ അത് ചൈനയെ കുറിച്ചു മാത്രമുള്ളതാക്കുകയും പ്രത്യാഘാതങ്ങളെ കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യുന്നത്? സ്വതന്ത്രമായ അന്വേഷണം തുടര്‍ന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കുമൊ ഓസ്‌ട്രേലിയ?
ഉത്തരം: ജി-20 രാജ്യങ്ങളുടെ വിജയകരമായി തീര്‍ന്ന ഓണ്‍ലൈന്‍ സമ്മേളനം ആഹ്വാനം ചെയ്തപ്പോള്‍ പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ച ഒരു കാര്യം ലോകാരോഗ്യ സംഘടനയുടെ പരിഷ്‌കാരമായിരുന്നു. ലോകത്തെ നിരവധി ജീവനുകള്‍ അപഹരിക്കുകയും ഒട്ടേറെ സമ്പദ് വ്യവസ്ഥകളെ തകര്‍ക്കുകയും ചെയ്തിരിക്കുന്ന ഈ വിനാശകാരിയായ മഹാമാരിക്കു ശേഷം ഒട്ടേറെ സ്വരങ്ങള്‍ ഇത് സംബന്ധിച്ച് ഉയരുവാന്‍ ഇടയുണ്ട്. അടുത്ത തവണ ഇത്തരത്തിലൊന്ന് ഉണ്ടാകുമ്പോള്‍ അത് നേരിടുവാന്‍ നമ്മള്‍ കുറെകൂടി മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുക്കണമെന്നും ഇനിയും അത്തരത്തിലൊന്നിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നുമൊക്കെ ആ സ്വരങ്ങളില്‍ നിന്ന് ഉയരുന്നത് കേള്‍ക്കാം. എന്തുകൊണ്ടാണ് ചൈന ഇങ്ങനെ പ്രതികരിച്ചത് എന്ന് നിങ്ങള്‍ക്ക് ചോദിക്കണമെന്നുണ്ടെങ്കില്‍ അത് ഒരുപക്ഷെ നിങ്ങള്‍ ഇന്ത്യയിലെ ചൈനയുടെ അംബാസിഡറോട് സംസാരിക്കേണ്ടി വന്നേക്കും. എനിക്കറിയാവുന്നത്, ബിസിനസിലായാലും രാഷ്ട്രീയത്തിലായാലും, അതല്ല ഇനി സ്വകാര്യ ജീവിതത്തില്‍ ആയാല്‍ പോലും ഒരു പ്രതിസന്ധിക്കു മുന്നില്‍ നിങ്ങള്‍ ചെന്നു പെട്ടു നില്‍ക്കുമ്പോള്‍ അതിനു ശേഷം മിക്കവരും നമുക്ക് ഇതിലും മെച്ചപ്പെട്ട രീതിയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു എന്നായിരിക്കും ഒരിടത്തിരുന്ന് ആലോചിക്കുക. അതുകൊണ്ടാണ് ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ കുറിച്ചല്ല ഇതെന്ന് പറയുന്നത്. കാരണം ലോകത്താകമാനം നമ്മള്‍ മരണ നിരക്ക് കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യ വളരെ നല്ല നിലയിലാണ് കാര്യങ്ങള്‍ ചെയ്തു വരുന്നത്. ഓസ്‌ട്രേലിയയും നന്നായി തന്നെ ചെയ്യുന്നുണ്ട്. എന്നാല്‍ വലുതും സമ്പന്നവും വികസിതവുമായ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോള്‍ അതിനു മുന്നില്‍ വിറച്ചു നില്‍ക്കുന്നത് കാണുന്നുണ്ട്. അതിനാല്‍ ഈ ലോകത്തിനു വേണ്ടി നമ്മള്‍ ഇത്തരം പാഠങ്ങള്‍ പഠിച്ചേ തീരൂ. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മഹാമാരികളെ തടയുന്നതിനും അല്ലെങ്കില്‍ അതില്‍ നിന്ന് കരകയറുന്നതിനും നമ്മള്‍ ചില വിചാരണകള്‍ ഒക്കെ നടത്തി പലതും ഒഴിവാക്കേണ്ടതുണ്ട്.