ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വായു ഗുണനിലവാരം നേരിയ പുരോഗതി നേടിയെങ്കിലും വളരെ മോശം അവസ്ഥയില്‍ തന്നെ തുടരുന്നു. അനുകൂലമായ കാറ്റിന്‍റെ വേഗത കാരണം സ്ഥിതി മെച്ചപ്പെടുമെന്ന് സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ 9.30ന് നഗരത്തിലെ വായു ഗുണനിലവാര സൂചിക(എക്യുഐ) 369ലെത്തി.
ഡല്‍ഹിയില്‍ വായു മലിനീകരണത്തിന് ശമനമില്ല
വെള്ളിയാഴ്‌ച ഡല്‍ഹിയിലെ വായു ഗുണനിലവാര തോത് കുറഞ്ഞ് ഗുരുതരമായ അവസ്ഥയിലെത്തിയിരുന്നു. ശനിയാഴ്‌ച നേരിയ പുരോഗതി കൈവരിച്ചെങ്കിലും വളരെ മോശം അവസ്ഥയില്‍ തന്നെ തുടരുന്നു.
വെള്ളിയാഴ്‌ച 374 ആയിരുന്നു എക്യുഐ രേഖപ്പെടുത്തിയിരുന്നത്. ജഹാംഗിര്‍പുരി(412), മുണ്ടുക(407), അനന്ദ് വിഹാര്‍(457) എന്നിവിടങ്ങളിലാണ് വായു ഗുണനിലവാര സൂചിക ഏറ്റവും ഗുരുതരമായ നിലയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വായു ഗുണനിലവാരം അതീവ അപകടാവസ്ഥയിലായിരുന്നു. സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കൃഷി ഭൂമിക്ക് തീയിടുന്നത് ഡല്‍ഹിയിലെ വായു നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കാറ്റിന്‍റെ വേഗത വര്‍ധിച്ചിട്ടുണ്ടെന്നും തിങ്കളാഴ്‌ചയോടെ വായു ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് വായു നിലവാര നിരീക്ഷണ ഏജന്‍സിയായ സഫര്‍ വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ പ്രവചന പ്രകാരം കാറ്റിന്‍റെ ദിശ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കും വേഗത മണിക്കൂറില്‍ 15 കിലോമീറ്ററുമാണ്. കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ചത്തെ കണക്കുപ്രകാരം നഗരത്തിലെ വെന്‍റിലേഷന്‍ ഇന്‍ഡക്‌സ് സെക്കന്‍റില്‍ 8500 ചതുരശ്രമീറ്ററാണ് രേഖപ്പെടുത്തിയത്.