ഡൽഹിയിൽ ഒരു ലക്ഷം രൂപയ്ക്ക് അമ്മ മകളെ വിറ്റു - ന്യൂഡൽഹിയിൽ അമ്മ മകളെ വിറ്റു
ഒരു മാസം മുമ്പ് ഒരു വയസുകാരനായ മകനെയും വിറ്റതായി രക്ഷപ്പെട്ട പെൺകുട്ടി പറഞ്ഞു. കടബാധ്യതയാണ് കാരണമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു
ന്യൂഡൽഹി: ഒരു ലക്ഷം രൂപയ്ക്ക് പെറ്റമ്മ വിറ്റ പതിനഞ്ച് വയസ്സുകാരിയെ രക്ഷപ്പെടുത്തിയതായി ഡല്‍ഹി വനിതാ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞയാഴ്‌ച ബദർപൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെൺകുട്ടിയെ കൊണ്ടുപോയത്. അവിടെ വച്ച് മകളെ ഒരാളിൽ ഏൽപ്പിച്ച്, തനിക്ക് മറ്റൊരിടത്ത് പോകണമെന്ന് പറഞ്ഞ് അമ്മ മടങ്ങി. അയാൾ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ ഒപ്പമുണ്ടായിരുന്ന മറ്റ് പെൺകുട്ടികളിൽ നിന്നാണ് അമ്മ തന്നെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായി അറിഞ്ഞത്. കഴിഞ്ഞ മാസം അമ്മ തന്‍റെ ഒരു വയസുകാരനായ സഹോദരനെ വിറ്റതായും പെൺകുട്ടി പറയുന്നു.
സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പെൺകുട്ടി ബവാനയിൽ തന്‍റെ സ്വദേശത്തെത്തി അയൽവാസികളുടെ സഹായത്താൽ പൊലീസ് സ്റ്റേഷനിലെത്തി. ഡല്‍ഹി വനിതാ കമ്മീഷനാണ് പെൺകുട്ടിയെ പൊലീസിന് കൈമാറിയത്. കടബാധ്യത മൂലമാണ് അമ്മ തന്നെ വിറ്റതെന്നും അമ്മയ്ക്കും രണ്ടാനച്ഛനും നാല് സഹോദരങ്ങൾക്കുമൊപ്പമായിരുന്നു താമസമെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടി ഇപ്പോൾ ഷെൽട്ടർ ഹോമിലാണ്.
TAGGED:
ന്യൂഡൽഹിയിൽ അമ്മ മകളെ വിറ്റു