ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന വർഗീയ കലാപത്തില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന മുഹമ്മദ് അൻവറിന്‍റെ (60) അവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്ക് വിധേയയായി മകള്‍ ഗുല്‍ഷന്‍. പിതാവ് മുഹമ്മദ് അൻവറിനെ ആദ്യം വെടിവച്ച് കൊന്നതായും അജ്ഞാതർ കത്തിച്ചതായും ചില ദൃക്‌സാക്ഷികൾ ഗുൽഷനെ അറിയിച്ചിരുന്നു. ശിവ് വിഹാർ പ്രദേശത്തെ വാടകയ്ക്ക് താമസിച്ചിരുന്ന താമസസ്ഥലത്ത് നിന്ന് ഒരു കത്തിയ കാൽ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. ഡോക്ടർമാർ തന്‍റെ ഡിഎൻഎ സാമ്പിൾ എടുത്തെന്നും ശരീരഭാഗം പിതാവിന്‍റെതാണോയെന്ന് സ്ഥിരീകരിച്ച ശേഷം കൈമാറുമെന്നും ഗുല്‍ഷന്‍ പറഞ്ഞു.
ഡല്‍ഹി കലാപത്തില്‍ കാണാതായ പിതാവിനെ കണ്ടെത്താന്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയായി മകള്‍
ഡല്‍ഹി കലാപത്തില്‍ പിതാവ് മുഹമ്മദ് അൻവറിനെ (60) ആദ്യം വെടിവച്ച് കൊന്നതായും അജ്ഞാതർ കത്തിച്ചതായും ചില ദൃക്‌സാക്ഷികൾ അറിയിച്ചിരുന്നെന്നും മകള്‍ ഗുല്‍ഷന്‍
ആടുകളെ വിറ്റാണ് അൻവര്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. തന്‍റെ ഏക മകളെയും കാഴ്ചയില്ലാത്ത ഭർത്താവിനെയും രണ്ട് മക്കളെയും സാമ്പത്തികമായി സഹായിച്ചിരുന്നു. ഭാര്യ നേരത്തെ മരിച്ചു. മരിച്ച പിതാവിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി ഗുൽഷനും ഭർത്താവ് മുഹമ്മദ് നസിറുദ്ദീനും രണ്ട് ചെറിയ കുട്ടികളും യുപിയിലെ പിൽഖുവയിലുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ആഴ്ച മുതൽ എല്ലാ ദിവസവും 95 കിലോമീറ്റർ ദൂരം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയും അക്രമികള്‍ ചുട്ടുകൊന്നെന്നും ഗുല്‍ഷന്‍ പറഞ്ഞു.