ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന അപേക്ഷയെ തുടര്‍ന്ന് ഡല്‍ഹി കലാപത്തിന് കാരണക്കാരനെന്ന് ആരോപണമുള്ള ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. നവമാധ്യമങ്ങളിലൂടെ തനിക്ക് നിരന്തരമായി ഭീഷണി വരുന്നുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് കപില്‍ മിശ്രക്ക് സുരക്ഷ നല്‍കാൻ ഉത്തരവായത്.
കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രവും ഡല്‍ഹി പൊലീസും - കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രവും ഡല്‍ഹി പൊലീസും
ഡല്‍ഹി കലാപത്തിന് കാരണമായത് കപില്‍ മിശ്രയുടെ വിവാദ പ്രസംഗമാണെന്നാണ് വിലയിരുത്തല്‍
രണ്ട് പഴ്‌സണല്‍ സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 11പേരായിരിക്കും കപില്‍ മിശ്രക്ക് സുരക്ഷ ഒരുക്കുക. ഇതില്‍ രണ്ട് കമാൻഡോസും ഉള്‍പ്പെടും. കലാപത്തിന് കാരണക്കാരായവര്‍ക്ക് സുരക്ഷ നല്‍കുന്ന സര്‍ക്കാര്‍ നടപടി വിചിത്രമാണെന്ന് സിപിഐ കുറ്റപ്പെടുത്തി. മിശ്രയെ ജയിലില്‍ അടക്കുന്നതിന് പകരം 24 മണിക്കൂറും സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സിപിഐ വക്താവ് ബി.കെ കംഗോ ഇടിവി ഭാരതിനോട് പറഞ്ഞു. ഡല്‍ഹി പൊലീസിന്‍റെ മുന്നിലാണ് കപില്‍ മിശ്ര വിവാദ പ്രസംഗം നടത്തിയതെന്നും അദ്ദേഹത്തിന്‍റെ പേരില്‍ എഫ്.ഐ.ആര്‍ ചുമത്തുന്നതിന് പകരം സുരക്ഷ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ബി.കെ കംഗോ കുറ്റപ്പെടുത്തി. ഡല്‍ഹി കലാപത്തില്‍ 47 പേരാണ് മരിച്ചത്.