ന്യൂഡല്‍ഹി: ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ ദുഖത്തിലാണ് ഡല്‍ഹിയിലെ റിക്ഷക്കാരനായ മൊയ്‌നുദീന്‍. വർഗീയ വെറി മൂത്ത ഒരു കൂട്ടം ആളുകളുടെ അക്രമത്തിന് ഇരയാകേണ്ടി വന്ന മൊയ്‌നുദീന് നഷ്ടമായത് വീടും സ്വത്തും മാത്രമല്ല തന്‍റെ ഭാര്യയെയും മക്കളെയും കൂടിാണ്. അക്രമികൾ വീട് തീയിട്ട് നശിപ്പിച്ചതോടെ മൊയ്‌നുദീന്‍ ഇപ്പോള്‍ തെരുവിലാണ് താമസം.
ഉറ്റവരെ തേടി തെരുവില്‍ അലഞ്ഞ് മൊയ്‌നുദീന്‍ - A rickshaw puller
ഡല്‍ഹി കലാപത്തില്‍ മൊയ്‌നുദീന്‍ എന്ന റിക്ഷക്കാരന്‍റെ വീട് അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇയാളുടെ ഭാര്യയെയും മക്കളെയും കാണാനില്ല. തെരുവിലാണ് ഇപ്പോൾ മൊയ്‌നുദീന്‍റെ താമസം
ഫെബ്രുവരി 23 വരെ സന്തോഷവും സമാധാനവുമായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിച്ചിരുന്ന മൊയ്‌നുദീന് ഒറ്റ രാത്രി കൊണ്ടാണ് എല്ലാം നഷ്ടമായത്. കലാപത്തില്‍ ഭാര്യയെയും മക്കളെയും കാണാതായി. ഒരു കടയ്ക്ക് മുന്നിലെ ഡ്രൈനേജിന് സമീപമാണ് ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. കുടുംബം എവിടെയാണെന്ന് അറിയില്ല. അക്രമം ആരംഭിച്ചപ്പോൾ തന്നെ മക്കളുമായി സുരക്ഷിത സ്ഥലത്തേക്ക് മാറാൻ ഞാൻ പറഞ്ഞു. എന്നാല്‍ ഇപ്പോൾ അവർ എവിടെയാണെന്ന് അറിയില്ലെന്നും കണ്ണീരോടെ മൊയ്‌നുദീന്‍ പറയുന്നു. എല്ലാവർക്കും എന്‍റെ കഥ അറിയാം. പൊലീസിലും പരാതി നല്‍കി. എല്ലാം ശാന്തമായതിന് ശേഷം അന്വേഷിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. നിരവധി ആളുകൾ തങ്ങളുടെ ബന്ധുക്കൾക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുൺ കുമാർ എന്നയാളുടെ കടയുടെ മുന്നിലെ വരാന്തയിലാണ് മൊയ്‌നുദീന്‍ ഇപ്പോള്‍ താമസിക്കുന്നത്. ദിവസങ്ങളായി ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയുള്ള തെരച്ചിലിലാണ് മൊയ്‌നുദീനെന്ന് അരുൺ കുമാർ പറഞ്ഞു. 2013 മുതല്‍ മൊയ്‌നുദീനെ അറിയാം. ഇയാളുടെ ആറ് മക്കളില്‍ നാല് മക്കളെയും ഭാര്യയെയും കാണാനില്ല. അക്രമത്തില്‍ എല്ലാം നഷ്ടപ്പെട്ട മൊയ്‌നുദീന് ദിവസങ്ങളായി അഭയം നല്‍കി വരികയാണ്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും അരുൺ കുമാർ പറഞ്ഞു. വടക്കു കിഴക്കൻ ഡല്‍ഹിയില്‍ നാല് ദിവസമായി തുടർന്ന കലാപത്തില്‍ ഏകദേശം 42ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഡല്‍ഹി പൊലീസിന് കീഴില്‍ ക്രൈംബ്രാഞ്ചിന്‍റെ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അക്രമത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അക്രമത്തില്‍ അംഗഭംഗം സംഭവിച്ചവർക്ക് അഞ്ച് ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷവുമാണ് സഹായം പ്രഖ്യാപിച്ചിട്ടുള്ളത്.