ഡൽഹിയിൽ കനത്ത ചൂട്; സ്‌കൂളുകൾ തുറക്കുന്നത് നീട്ടി - ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജൂലൈ ഒന്നിന് തുറക്കേണ്ട സ്‌കൂളുകൾ ജൂലൈ എട്ടിനാകും തുറക്കുക.
ഡൽഹി: താപനില ഉയരുന്നത് കണക്കിലെടുത്ത് ഡൽഹിയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സ്‌കൂൾ തുറക്കുന്നത് നീട്ടിയത്. ജൂലൈ ഒന്ന് മുതൽ തുറക്കേണ്ട സ്‌കൂളുകൾ ജൂലൈ എട്ടിനാകും തുറക്കുകയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ബാക്കി ക്ലാസുകളിലുളള വിദ്യാർഥികൾക്ക് പഴയ ഷെഡ്യൂൾ അനുസരിച്ച് തന്നെയാണ് ക്ലാസുകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഏതാനും ആഴ്‌ചകളായി നഗരത്തിൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതിനെ തുടർന്നാണ് ഡൽഹി സർക്കാരിന്‍റെ തീരുമാനം. വരും ആഴ്‌ചകളിൽ തലസ്ഥാനത്ത് താപനില 32 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.