ന്യൂഡൽഹി: ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ ഗുജറാത്ത് കലാപത്തെ ഓര്‍പ്പെടുത്തുകയാണെന്ന് സിപിഎമ്മും സിപിഐയും. രണ്ട് പാര്‍ട്ടിയുടെയും ജനറല്‍ സെക്രട്ടറിമാര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചു കഴിഞ്ഞെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന സാമുദായിക വംശഹത്യയുടെ റീപ്ലേയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഗുജറാത്ത് കലാപം ആവര്‍ത്തിക്കുകയാണെന്ന് സിപിഎമ്മും സിപിഐയും - സിപിഐ
കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും ശക്തമായി ആഞ്ഞടിച്ച് ഇടതുപക്ഷം
തലസ്ഥാനം ഗുജറാത്തായി മാറിയെന്ന് ആളുകള്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും വ്യക്തമാക്കി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കണമെങ്കില്‍ സൈന്യത്തിന്‍റെ സഹായം ആവശ്യമാണെന്ന് ഇരു പാര്‍ട്ടികളും സംയുക്തമായി ആവശ്യപ്പെട്ടു. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകണം. ശാന്തവും സമാധാനവും നിലനിർത്താൻ എല്ലാ വിഭാഗങ്ങളിലേയും ജനങ്ങളോട് ഇടതു നേതാക്കള്‍ ആവശ്യപ്പെട്ടു. മതേതരവും സമാധാനപരവുമായ സ്നേഹ ശക്തികൾ കൈകോർത്ത് വേണം മുന്നോട്ടുപോകാനെന്നും ഇരു നേതാക്കളും പറഞ്ഞു.