ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സീതാറാം യെച്ചൂരിയുടെയും മറ്റ് അനേകം പേരുടെയും പേര് കുറ്റപത്രത്തിള്‍ ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു.
ഒരുവ്യക്തി (ഗൾഫിഷ ഫാത്തിമ) തന്‍റെ പ്രസ്താവനയിൽ ഒരു പേര് പരാമർശിച്ചാൽ, ആ വ്യക്തിയെ കുറ്റപത്രത്തിൽ പ്രതിയായി എങ്ങനെ ഉള്‍പ്പെടുത്തും. പ്രഥമിക വിവര ശേഖരണത്തിന് ശേഷം സമര്‍പ്പിക്കുന്ന കുറ്റപത്രത്തിന് ഇടയില്‍ അന്വേഷണം എന്ന പ്രക്രിയ ഡല്‍ഹി പൊലീസ് മറന്നോ എന്നും അദ്ദേഹം ചോദിച്ചു. യെച്ചൂരിക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസർ അപൂർവാനന്ദ് എന്നിവരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.