ന്യൂഡല്‍ഹി: അധികാരത്തിലിരിക്കുന്ന ആം ആദ്‌മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പരസ്‌പരം കുറ്റം പറയുന്ന സര്‍ക്കാരിനെയല്ല വ്യക്തമായ ദിശാബോധമുള്ള സര്‍ക്കാരിനെയാണ് ഡല്‍ഹിക്ക് ആവശ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദ്വാരകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്‌മാന്‍ ഭാരത് ഡല്‍ഹിയില്‍ നടപ്പാക്കാതിരുന്ന കെജ്‌രിവാള്‍ സര്‍ക്കാരിനെ മോദി കുറ്റപ്പെടുത്തി.
ആം ആദ്‌മിയുടേത് വെറുപ്പിന്‍റെ രാഷ്‌ട്രീയമെന്ന് പ്രധാനമന്ത്രി - നരേന്ദ്ര മോദി
ദ്വാരകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി
കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ക്ലിനിക്കുകളായ മൊഹല്ല ക്ലിനിക്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാരോപിച്ച മോദി, ആംആദ്മി സര്‍ക്കാര്‍ വെറുപ്പിന്‍റെ രാഷ്‌ട്രീയമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചു. രാജ്യം മാറിയിരിക്കുന്നു, ഇനി ഡല്‍ഹിക്ക് മാറ്റം വരേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 61 സീറ്റുകള്‍ നേടിയാണ് ആംആദ്‌മി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.