ന്യൂഡൽഹി:തലസ്ഥാനത്ത് ഡൽഹി മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ അനുവാദം നൽകി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മെട്രോ പുനരാരംഭിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് ബൈജൽ അനുമതി നൽകിയത്.
ഡൽഹി മെട്രോ സർവീസുകൾ സെപ്‌റ്റംബർ ഏഴിന് പുനരാരംഭിക്കും
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിൽ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ഡൽഹി മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുവാദം നൽകിയതായാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലെഫ്‌റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ, ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൊവിഡിനെ തുടർന്ന് മാർച്ച് 22 മുതലാണ് ഡൽഹി മെട്രോ സർവീസുകൾ നിർത്തിവെച്ചത്. മെട്രോ സർവീസുകൾ സെപ്‌റ്റംബർ ഏഴ് മുതലാണ് സർവീസുകൾ പുനരാരംഭിക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അൺലോക്ക് 4 പ്രഖ്യാപനത്തിലെ മെട്രോ സർവീസുകൾ പുനരാരംഭിക്കുന്ന നടപടിയെ മുഖ്യമന്ത്രി കെജ്‌രിവാൾ സ്വാഗതം ചെയ്‌തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്ന് ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.