ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിനെതിരെ തണുപ്പൻ പ്രതികരണമെടുത്ത ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ നടപടികളെടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇളവുകൾ നിജപ്പെടുത്താൻ എന്തുകൊണ്ടാണ് 18 ദിവസം കാത്തിരിക്കേണ്ടി വന്നതെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തോട് വിശദീകരണം നൽകാൻ കഴിയുമോയെന്നും കോടതി അന്വേഷിച്ചു.
"കാണുന്നില്ലെങ്കിൽ 'ഭൂതക്കണ്ണാടി' വെച്ച് നോക്കണം": ഡൽഹി സർക്കാരിനോട് ഹൈക്കോടതി
ഡൽഹി സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അലസതയ്ക്കെതിരെ ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലി, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ശക്തമായി വിമർശിച്ചത്.
ഡൽഹി സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അലസതയ്ക്കെതിരെ ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലി, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ശക്തമായി വിമർശിച്ചത്. സാഹചര്യത്തിന്‍റെ ഗൗരവം വ്യക്തമാകുന്നില്ലെങ്കിൽ ഭൂതക്കണ്ണാടി വെച്ച് നോക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം പല ജില്ലകളിലെയും പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിച്ച കോടതി തൃപ്‌തിപ്പെട്ടില്ലെന്നും രേഖപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ 500 രൂപ പിഴയും വീണ്ടും ആവർത്തിച്ചാൽ 1,000 രൂപ പിഴയും അടക്കുന്നതു കൊണ്ടൊന്നും കൊവിഡ് പ്രതിരോധം ശക്തമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിഴ ചുമത്തുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പല ജില്ലകളിലും അസമത്വം കാണപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തലസ്ഥാനത്തെ കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് മൽഹോത്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.