ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. അനുരാഗ് ഠാക്കൂറിനെ കൂടാതെ കപിൽ മിശ്ര, പർവേശ് വർമ, അഭയ് വർമ്മ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം. വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരിലാണ് ഹൈക്കോടതിയുടെ നിർദേശം. ആരും നിയമത്തിന് അതീതരല്ല. കോടതി തീരുമാനം ഉടന്‍ ഡല്‍ഹി പൊലീസ് കമ്മിഷണറെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു.
1984ൽ ഉണ്ടായതിന് സമാനമായ കലാപം ഡൽഹിയിൽ ഇനിയും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ജന വിശ്വാസം വീണ്ടെടുക്കാനായി ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത മേഖലകൾ സന്ദർശിക്കണമെന്നും കോടതി നിർദേശിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും കോടതി വ്യക്തമാക്കി. കലാപക്കേസിൽ അഡ്വ. സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.