ന്യൂഡല്‍ഹി:ഐടിഒക്ക് സമീപമുള്ള മുസ്ലീം ശ്മശാനത്തില്‍ സ്ഥലമില്ലാതാക്കുന്നു. ശ്മശാനത്തില്‍ നിരവധി കൊവിഡ് രോഗികളെയാണ് അടുത്തിടെ സംസ്കരിച്ചത്. ഇതൊടെയാണ് സ്ഥലം തികയാതെ വന്നത്. സ്ഥലപരിമിതി കണക്കിലെടുത്ത് ഇനി ഇവിടേക്ക് മൃതദേഹങ്ങള്‍ എത്തിക്കേണ്ടതില്ലെന്ന് ഖബറിസ്ഥാന്‍ സെക്രട്ടറി ഹാജി മിയാൻ ഫയാസുദ്ദീൻ പറഞ്ഞു. മരിക്കുന്നവരുടെ ബന്ധുക്കള്‍ ശരീരം വീടിന് അടുത്തുള്ള ശ്മശാനങ്ങളില്‍ ഖബറടക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്കാരത്തിന് സ്ഥലമില്ല; കൊവിഡ് ബാധിച്ച് മരിച്ചവരെ വിലക്കി ഡല്‍ഹിയിലെ ശ്മശാനം
സ്ഥലപരിമിതി കണക്കിലെടുത്ത് ഇനി ഇവിടേക്ക് മൃതദേഹങ്ങള്‍ എത്തിക്കേണ്ടതില്ലെന്ന് ഖബറിസ്ഥാന്‍ സെക്രട്ടറി ഹാജി മിയാൻ ഫയാസുദ്ദീൻ പറഞ്ഞു
അയൽ നഗരങ്ങളായ നോയിഡ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ് -19 രോഗികളെ സംസ്‌കരിക്കുന്നതിന് സ്ഥലം നൽകേണ്ടിവന്നതോടെയാണ് ഖബറിസ്ഥാനില്‍ സ്ഥലമില്ലാതായത്. ദിനംപ്രതി നാല്, അഞ്ച് മൃതദേഹങ്ങളാണ് ഇവിടെ എത്തിക്കുന്നത്. എന്നാല്‍ സംസ്കരിക്കുന്നതില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. സ്ഥലമില്ലാത്തതാണ് പ്രശ്നം. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് കേസുകള്‍ പെരുകുകയാണ്. ഇക്കാരണത്താലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 ഏക്കറോളം വരുന്ന ഐടിഒ ശ്മശാനത്തില്‍ കൊവിഡ് രോഗികളുടെ സംസ്കാരം ഏപ്രില്‍ മുതലാണ് ആരംഭിച്ചത്.