ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്ക് ഐസിയു കിടക്കകള്‍ മാറ്റിവെക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്‌തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍. നേരത്തെ കൊവിഡ് രോഗികളുടെ ചികില്‍സയ്‌ക്കായി 80 ശതമാനം ഐസിയു കിടക്കകള്‍ മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്‌തത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 33 ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സെപ്‌റ്റംബറില്‍ ഉത്തരവിനെ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. കേസുകള്‍ വര്‍ധിക്കുകയാണെന്നും വിദഗ്‌ധരുടെ ശുപാര്‍ശയനുസരിച്ച് ആവശ്യങ്ങള്‍ നിറവേറ്റാന്‍ 20,604 കിടക്കകള്‍ വേണമെന്ന് സര്‍ക്കാറിന്‍റെ ഹര്‍ജിയില്‍ പറയുന്നു. വരും ദിവസങ്ങളില്‍ നാലായിരത്തിലധികം കിടക്കകള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് രോഗികള്‍ക്ക് മാറ്റിവെച്ച ഐസിയു കിടക്കകള്‍; സ്റ്റേക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ - ന്യൂഡല്‍ഹി
കൊവിഡ് രോഗികളുടെ ചികില്‍സയ്‌ക്കായി 80 ശതമാനം ഐസിയു കിടക്കകള്‍ മാറ്റിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്‌തത്.
ഐസിയു കിടക്കകള്‍ 30 ശതമാനം വര്‍ധിപ്പിച്ചതിനാല്‍ കൊവിഡ് രോഗികള്‍ക്ക് കിടക്ക മാറ്റിവെച്ചാലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മികച്ച ആരോഗ്യ പരിപാലനത്തിന് പേരു കേട്ട ഡല്‍ഹിയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലും കൊവിഡ് രോഗികള്‍ ചികില്‍സയ്‌ക്കായി എത്തുന്നു. ഡല്‍ഹിയിലേക്ക് റഫര്‍ ചെയ്യുന്ന കൊവിഡ് രോഗിക്ക് ഐസിയു കിടക്ക കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ അത് രോഗിക്ക് മതിയായ ആരോഗ്യപരിരക്ഷ ലഭിക്കാനുള്ള അവകാശത്തിനെതിരായിരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലാണ് നിലവില്‍ ഹര്‍ജി.