ന്യൂഡൽഹി: റാണി ഝാന്‍സി റോഡിലെ അനജ് മന്തിയില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാല്‍പ്പതിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഫാക്‌ടറിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് കേജ്‌രിവാള്‍ നിര്‍ദേശിച്ചു. തീപിടിത്ത വാർത്തയെത്തുടർന്ന് സ്ഥലത്തെത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്‌ട പരിഹാരം നൽകാനും ഉത്തരവിട്ടു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും.
ഡല്‍ഹി തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേജ്‌രിവാള്‍
സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അധികാരികൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി അമിത്ഷാ
തീപിടിത്തത്തിന്‍റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. ഫാക്‌ടറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. തീപിടിത്ത സമയത്ത് അമ്പതിലധികം പേർ ഫാക്‌ടറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മുപ്പത് ഫയർ ട്രക്കുകൾ ഉപയോഗിച്ച് ദീർഘ നേരത്തെ പരിശ്രമത്തിന് ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥർ എത്തി. ആരെങ്കിലും ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ സംഭവത്തില്‍ അനുശോചനം അറിയിച്ചിരുന്നു. സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അധികാരികൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.