ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി ആം ആദ്മി. 70 സീറ്റില്‍ 62ഉം ആം ആദ്മി നേടിയപ്പോള്‍ ബി.ജെ.പിക്ക് എട്ട് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. മുമ്പ് ഡല്‍ഹി അടക്കി വാണിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇക്കുറിയും ഒരു സീറ്റു പോലും നേടാനായില്ല. രാജ്യ തലസ്ഥാനത്ത് ബി.ജെ.പി നില മെച്ചപ്പെടുത്തിയെങ്കിലും രണ്ടക്കം എത്തിക്കാനാവാത്തത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് നാണക്കേടായി. സര്‍വ സന്നാഹങ്ങളുമെടുത്ത് പ്രചാരണത്തിനിറങ്ങിയിട്ടും കഴിഞ്ഞ പ്രവാശ്യത്തെക്കാള്‍ അഞ്ച് സീറ്റ് മാത്രമെ ബി.ജെ.പിക്ക് വര്‍ധിപ്പിക്കാനായുള്ളൂ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ആം ആദ്മിയുടെ വിജയം. അതേസമയം തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുകയാണ് മൂന്ന് തവണ തുടര്‍ച്ചയായി രാജ്യ തലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്.
എഎപിയെ മുൾമുനയിൽ നിർത്തിയ രണ്ട് മണ്ഡലങ്ങള്‍ ഒഖ്‌ലയും പട്‌പട്‌ഗഞ്ചുമായിരുന്നു. എഎപിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായിരുന്ന പട്‌പട്‌ഗഞ്ച്. എന്നാല്‍ വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകള്‍ ബിജെപിക്കാണ് മുന്‍തൂക്കം നല്‍കിയത്. ഉപമുഖ്യമന്ത്രിയും കെജ്‌രിവാളിന്‍റെ വലംകൈയ്യുമായ മനീഷ് സിസോദിയ പിന്നിലേക്ക് പോയത് ആപ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്‍റെ അവസാനഘടത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയ സിസോദിയ പട്‌പട്‌ഗഞ്ചില്‍ നിന്നും വിജയിച്ചു.
നിര്‍ണായകമായ ഒഖ്‌ല മണ്ഡലത്തിലും പോരാട്ടം കനത്തതായിരുന്നു. പൗരത്വനിയമത്തിനെതിരെ ഷാഹീൻ ബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സമരങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനെതിരായ ജനരോഷം മുതലാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കനത്ത പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നായ ഒഖ്‌ലയില്‍ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് ആംആദ്‌മിയുടെ സിറ്റിങ്ങ് എംഎൽഎ അമാനത്തുള്ള ഖാൻ ജയിച്ചത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജയവും അനായാസമായിരുന്നു.