ന്യൂഡല്‍ഹി:നിര്‍ഭയ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്‌തയുടെ പിതാവ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. കേസിലെ സാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്‌ത് പ്രതിയുടെ പിതാവ് നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഈ വിധിയിലാണ് പുനഃപരിശോധന ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് മേല്‍ക്കോടതിയെ സമീപിച്ചത്.
നിര്‍ഭയ കേസ്; സാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി - പവന്‍ കുമാര്‍ ഗുപ്‌ത വാര്‍ത്ത
പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്‌തയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി കോടതി തള്ളിയത്
പീഡനം നടന്ന ദിവസം നിര്‍ഭയയ്‌ക്കൊപ്പം യാത്ര ചെയ്‌ത ആണ്‍സുഹൃത്താണ് കേസിലെ ഏക സാക്ഷി. 2012ലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിംഗ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇവര്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു.