ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: വിചാരണയ്ക്ക് അതിവേഗ കോടതി - പ്രതികളുടെ വിചാരണയ്ക്ക് അതിവേഗ കോടതി
ശനിയാഴ്ച ഷാദ്നഗർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തെലങ്കാന: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ വിചാരണ ചെയ്യാൻ അതിവേഗ കോടതി സ്ഥാപിച്ചു. അതിവേഗ കോടതി എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലോ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് അതിവേഗ കോടതി സ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയത്.
രാജ്യത്തെ നടുക്കിയ ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തില്‍ ഉറപ്പാക്കാനാണ് അതിവേഗ കോടതി സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. നവംബര്‍ 27ന് രാത്രിയാണ് മൃഗ ഡോക്ടറെ ലോറി ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.