കേരളം

kerala

ETV Bharat / bharat

എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം; ഇന്ത്യന്‍ നിലപാട് ഉറച്ചതെന്ന് എസ് ജയശങ്കര്‍ - എസ് 400

കരാറിലേര്‍പ്പെട്ടാല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. എസ് 400 ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം.

എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം; ഇന്ത്യന്‍ നിലപാട് ഉറച്ചതെന്ന് എസ് ജയശങ്കര്‍

By

Published : Oct 2, 2019, 3:54 AM IST

വാഷിങ്ടണ്‍: റഷ്യന്‍ നിര്‍മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതില്‍ നിന്നും ഇന്ത്യ പിന്നോട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കരാര്‍ സംബന്ധിച്ച് ഇന്ത്യയുടെ തീരുമാനം അന്തിമമാണ്. അതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ല. രാജ്യം നേരിടുന്ന ഭീഷണികളെ നേരിടാന്‍ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം സഹായിക്കും. കരാറിന്‍റെ പ്രാധാന്യം എല്ലാവരും മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ജയശങ്കര്‍ പറഞ്ഞു. റഷ്യയുമായി ആയുധക്കരാറില്‍ ഏര്‍പ്പെട്ടാല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണി നിലനില്‍ക്കെയാണ് ജയശങ്കറിന്‍റെ പ്രതികരണം. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്‌ടണില്‍ നയതന്ത്ര വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇന്ത്യന്‍ നിലപാട് ആവര്‍ത്തിച്ചത്.

എതിരാളികളെ ഉപരോധങ്ങളിലൂടെ നേരിടുന്നതിനുള്ള അമേരിക്കന്‍ നിയമം (സിഎഎടിഎസ്എ) ഉപയോഗിച്ച് റഷ്യയുമായി ആയുധക്കരാറിലേര്‍പ്പെടുന്നത് അമേരിക്ക നിരോധിച്ചിരുന്നു. റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഉപരോധങ്ങളാണ് അമേരിക്ക ചുമത്തുക. നേരത്തെ റഷ്യയുമായി സുഖോയ് വിമാനക്കരാറിലേര്‍പ്പെട്ട ചൈനക്കെതിരെയും അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. വ്യാപാരയുദ്ധമടക്കമുള്ള വലിയ നയതന്ത്ര ഏറ്റുമുട്ടലുകള്‍ക്കാണ് ഇത് വഴിവച്ചത്. എസ്-400 പ്രതിരോധ സംവിധാനം സ്വന്തമാക്കിയ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കെതിരെയും അമേരിക്ക നടപടിയെടുത്തിരുന്നു. എഫ്-35 യുദ്ധവിമാനക്കരാറില്‍ നിന്നും തുര്‍ക്കിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു അമേരിക്കന്‍ പ്രതിഷേധം. എങ്കിലും തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറായിട്ടില്ല.

എസ്-400; പ്രതിരോധത്തിലെ റഷ്യന്‍ മികവ്

വ്യോമ പ്രതിരോധത്തില്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ചതെന്ന് അമേരിക്കയും ഇസ്രയേലും വരെ രഹസ്യമായി സമ്മതിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-400. റഷ്യയിലെ അല്‍മാസ പ്രതിരോധ കമ്പനി നിര്‍മിച്ച എസ്-400 അമേരിക്കയുടെ പാട്രിയറ്റ്, ഇസ്രയേലിന്‍റെ അയണ്‍ ഡോം പ്രതിരോധ സംവിധാനങ്ങളെ കവച്ചു വയ്ക്കും. പ്രതിരോധ ഗവേഷണ ഏജന്‍സികളെല്ലാം വ്യോമ പ്രതിരോധത്തില്‍ എസ്-400ന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നു.

400 കിലോമീറ്റര്‍ പരിധിയിലെത്തുമ്പോള്‍ തന്നെ ശത്രു വിമാനങ്ങളുടെയും മിസൈലുകളുടെയും സാന്നിധ്യം എസ്-400 മനസിലാക്കും. ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ശത്രുവിന്‍റെ ആയുധങ്ങള്‍ ഭസ്മമാക്കും. അമേരിക്കയുടെ ഏറ്റവും അത്യുന്താധുനികമായ എഫ് 35 സ്റ്റെല്‍ത്ത് (റഡാറുകളെ കബളിപ്പിക്കാനുള്ള ശേഷി) യുദ്ധ വിമാനങ്ങള്‍ക്ക് പോലും എസ്-400ന്‍റെ മുമ്പില്‍ രക്ഷയില്ല.

ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും എട്ട് ലോഞ്ചറുകളും 16 മിസൈലുകളുമാണ് എസ്-400 ട്രയംഫിലുള്ളത്. ദീര്‍ഘദൂര മിസൈലായ 40 എന്‍ 6, മധ്യദീര്‍ഘ ദൂര മിസൈലായ 48 എന്‍ 6, മധ്യദൂര മിസൈലായ 9 എം 96 എന്നിവയാണ് എസ്-400ന്‍റെ കരുത്ത്. മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ലക്ഷ്യങ്ങളെപ്പോലും എസ്-400 തകര്‍ക്കാനാകും.

എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി 5.43 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പു വച്ചിരിക്കുന്നത്. മൊത്തം അഞ്ച് എസ്-400 ട്രയംഫ് പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം ഇന്ത്യയിലെത്തിക്കും. ചൈനീസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്തിന്‍റെ കിഴക്ക് ഭാഗത്ത് രണ്ടെണ്ണവും പാക് ആക്രമണങ്ങള്‍ തടയാനായി പടിഞ്ഞാറ് ഭാഗത്ത് മൂന്ന് എസ്-400കളും വിന്യസിക്കും. പ്രതിരോധ സംവിധാനം പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞാല്‍ ആണവ മിസൈലുകളടക്കം പ്രതിരോധിക്കുന്നതില്‍ ഇന്ത്യയുടെ കരുത്ത് പത്ത് മടങ്ങ് വര്‍ധിക്കും.

ABOUT THE AUTHOR

...view details