കൊല്ലം:40 സ്ത്രീകൾ വിചാരിച്ചാല്‍ ഒരു പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിക്കും. പ്ലാസ്റ്റിക് മുക്തമാക്കിയ കൊല്ലം പെരിനാട് പഞ്ചായത്ത് ഇപ്പോൾ പരിസ്ഥിതി സംരക്ഷണത്തില്‍ കേരളമാകെ മാതൃകയാണ്. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാലിന്യ പരിപാലന നിയമങ്ങളുടെ നടത്തിപ്പിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി സർക്കാർ തെരഞ്ഞെടുത്ത മാതൃകാ പഞ്ചായത്ത് ആണ് ഇപ്പോൾ പെരിനാട്. 40 സ്ത്രീകൾ അടങ്ങുന്ന ഹരിത കർമ്മ സേനയാണ് പഞ്ചായത്തിനെ പ്ലാസ്റ്റിക്ക് മുക്തമാക്കി മാറ്റിയത്.
ഹരിത സുന്ദര പഞ്ചായത്തായി പെരിനാട്; പ്ലാസ്റ്റിക്കിന് ഗുഡ്ബൈ - കൊല്ലം
40 സ്ത്രീകൾ അടങ്ങുന്ന ഹരിത കർമ്മ സേനയാണ് പഞ്ചായത്തിനെ പ്ലാസ്റ്റിക്ക് മുക്തമാക്കി മാറ്റിയത്.
![ഹരിത സുന്ദര പഞ്ചായത്തായി പെരിനാട്; പ്ലാസ്റ്റിക്കിന് ഗുഡ്ബൈ Plastic campaign story Haritha Karma Sena Forty women resolve to turn Perniad plastic-free കൊല്ലം kollam latest story](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5534930-thumbnail-3x2-plastic.jpg)
ഓരോ വാർഡിലെയും വീടുകളിൽ നിന്ന് നിശ്ചിത തുക ഈടാക്കി സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. ഇത് പിന്നീട് പെരിനാട് പഞ്ചായത്തിന് സമീപമുള്ള സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുന്നു. മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ച ശേഷം നേരെ സംസ്കരണ യൂണിറ്റിലെത്തിച്ച് കഴുകി വൃത്തിയാക്കി പൊടിക്കുന്നു. സംസ്കരിച്ച് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യം റോഡ് ടാറിങ്ങിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സംസ്കരണ യൂണിറ്റിന്‍റെ നിയന്ത്രണം വനിതാ ജീവനക്കാരായ വിജയ ലക്ഷ്മിക്കും അമ്പിളിക്കും ഷേര്‍ളിക്കും ആണ്. അടുത്ത പഞ്ചായത്തിൽ നിന്ന് പോലും ആവശ്യക്കാർ ഇവിടെ എത്തുന്നുണ്ട്. ഇലക്ട്രോണിക് മാലിന്യ സംസ്കരണം പ്രാവർത്തികമാക്കാനും ആലോചനയുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ഓരോ കോണിൽ നിന്നും ലഭിക്കുന്നത് എന്നും ഇവർ പറയുന്നു.