അറുപതു മണിക്കൂറോളം പാക് മണ്ണില്‍ കഴിഞ്ഞ് രാജ്യത്തേക്ക് തിരികെയെത്തിയ വീരപുത്രന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കാത്തിരിക്കുന്നത് " ഡീബ്രിഫിങ്" എന്ന വിശദമായ ചോദ്യം ചെയ്യല്‍ നടപടി. ഡീബ്രീഫിങ്ങിന്‍റെ ഭാഗമായി വ്യോമസേന, ഇന്‍റലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും.
ശത്രുസേനയുടെ വിമാനം(എഫ് 16) വെടിവെച്ചിടുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21 ബൈസണ്‍) തകര്‍ന്ന് പാക് സൈന്യത്തിന്‍റ കൈയില്‍ അകപ്പെട്ട വൈമാനികന്‍ വെളളിയാഴ്ച രാത്രി 9.21നാണ് ഇന്ത്യയുടെ മണ്ണില്‍ കാല് കുത്തിയത്. സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്ന വിവരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.അസാമാന്യ ധൈര്യവും രാജ്യസ്നേഹവും ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വൈമാനികനെ പാക് മാധ്യമങ്ങള്‍ പോലും പുകഴ്ത്തിയിരുന്നു.
പാക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്‍റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ?, പാക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും.