മുംബൈ:നാസിക് ജില്ലയിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് (എസ്ടി) ബസ് ഓട്ടോറിക്ഷയിൽ കൂട്ടിയിടിച്ച് ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 21 പേർ മരിച്ചു. ഇതുവരെ 30 പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. മാലെഗാവ്-ഡിയോള റോഡിലെ മെഷി ഫാറ്റയിൽ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു.
നാസിക് അപകടം; മരണസംഖ്യ 21 ആയി - മരണസംഖ്യ 21
ഇതുവരെ 30 പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ

ധൂലെ ജില്ലയിൽ നിന്ന് നാസിക്കിലെ കൽവാൻ ടൗണിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ബസ് എതിർദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും റോഡരികിലെ കിണറ്റിൽ വീണു. കിണറ്റിൽ നിന്ന് 21 മൃതദേഹങ്ങൾ പുറത്തെടുക്കുകയും പരിക്കേറ്റവരെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.