പട്‌ന: ബിഹാർ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. 16 ജില്ലകളിലായി ദുരിതബാധിതരുടെ എണ്ണം ചൊവ്വാഴ്ച 75 ലക്ഷം കടന്നു. സീതാമർഹി, ഷിയോഹർ, സുപോൾ, കിഷൻഗഞ്ച്, ദർഭംഗ, മുസാഫർപൂർ, ഗോപാൽഗഞ്ച്, വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഖഗേറിയ, സരൺ, സമസ്തിപൂർ, സിവാൻ, മധുബാനി, മാധേപുര, സഹർസ എന്നിവയാണ് 16 വെള്ളപ്പൊക്ക ബാധിത ജില്ലകൾ.
ദുരിതബാധിത പഞ്ചായത്തുകളുടെ എണ്ണം 1,240 ൽ നിന്ന് തിങ്കളാഴ്ച 1,260 ആയി ഉയർന്നു. ദർബംഗയിൽ 10 പേരും മുസാഫർപൂരിൽ ആറ് പേരും മരിച്ചു. വെസ്റ്റ് ചമ്പാരൻ (4), സരൺ ( 2), സിവാൻ (2) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ. സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 33 സംസ്ഥാന ദുരന്ത നിവാരണ സേനകളെയും (എസ്ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. 12,479 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 5,36,371 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.