കേരളം

kerala

ETV Bharat / bharat

ഫാത്തിമ ലത്തീഫിന്‍റെ മരണം : അന്വേഷണ സംഘം കേരളത്തിലേക്ക് - iit student suicide latest news

ഫാത്തിമയുടെ അമ്മയുടെയും സഹോദരിയുടേയും മൊഴികള്‍ രേഖപ്പെടുത്തുന്നതിനായാണ് ക്രൈംബ്രാഞ്ച് സംഘം എത്തുന്നത്. നേരത്തെ കേസിന്‍റെ പുരോഗതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു

ഫാത്തിമ ലത്തീഫിന്‍റെ മരണം : അന്വേഷണ സംഘം കേരളത്തിലേക്ക്

By

Published : Nov 16, 2019, 5:54 PM IST

ചെന്നൈ:ഐഐടി വിദ്യാര്‍ഥി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ഫാത്തിമയുടെ അമ്മയുടെയും സഹോദരിയുടേയും മൊഴികള്‍ രേഖപ്പെടുത്തുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം കേരളത്തിലേക്ക് തിരിച്ചു. ഫാത്തിമയുടെ പിതാവിന്‍റെയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂർത്തിയായതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് തിരിച്ചത്. മൊഴി രേഖപ്പെടുത്തിയ വേളയില്‍ നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ പിതാവ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.

കേസിൽ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്. സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.

അന്വേഷണം പുരോഗമിക്കവേ, തമിഴ്‌നാട് പൊലീസുമായി മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഫോണില്‍ ബന്ധപ്പെട്ടു. ഫാത്തിമയുടെ പിതാവ് അബ്‌ദുല്‍ ലത്തീഫാണ് ഇക്കാര്യം അറിയിച്ചത്. ഫാത്തിമ കേരളത്തിന്‍റെ മകളാണ് അതിനാല്‍ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസം തന്നെ കുറ്റവാളികളെ പിടികൂടുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് മുരളീധരന്‍റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തെവാലെയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details