ലക്‌നൗ:ഉത്തർപ്രദേശിൽ മുൻ നിയമമന്ത്രി അശ്വിനി കുമാർ രാജ്യത്തെ പൗരന്മാർക്ക് അന്തസോടെ മരിക്കാനുള്ള അവകാശത്തെ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച അവസരത്തിൽ യു.പിയിലെ ബൽറാംപൂരിൽ അധികൃതരുടെ വിചിത്ര നിർദേശം. അജ്ഞാതനായ വ്യക്തിയുടെ മൃതദേഹം മുനിസിപ്പാലിറ്റിയുടെ മലിന്യവാഹനത്തിൽ വഹിച്ച് പോസ്റ്റ്‌മോർട്ടത്തിനായി എത്തിക്കാനാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർദേശിച്ചത്. തൽക്ഷണം നിർദേശം അനുസരിച്ച ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഇക്കാര്യം പുറത്തുവരികയായിരുന്നു.
അജ്ഞാത മൃതദേഹം മാലിന്യ വാഹനത്തിൽ എത്തിക്കാൻ നിർദേശം; ദൃശ്യങ്ങൾ പുറത്ത് - Balrampur news
യു.പിയിലെ ഉത്രൗല ചൗക്കിൽ നടന്ന സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് ബൽറാംപൂർ എസ്.പി അറിയിച്ചു
ഉത്രൗല ചൗക്കിന് സമീപം അജ്ഞാത മൃതദേഹം റോഡിൽ കിടക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചത് മുതലാണ് സംഭവങ്ങളുടെ തുടക്കം. മരിച്ചയാളെ തിരിച്ചറിയാൻ ഉത്തരോള പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ആർ.കെ രാമൻ ഉദ്യോഗസ്ഥരെ നിർദേശിച്ചു. ഷാഡുല്ല നഗർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഷൗദൗര ഗ്രാമത്തിലെ ജിങ്കിൻ എന്നയാളാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് മൃതദേഹം മുനിസിപ്പാലിറ്റിയുടെ മാലിന്യ വാഹനത്തിൽ എത്തിക്കാൻ എസ്എച്ച്ഒ ഉദ്യോഗസ്ഥരോട് വീണ്ടും നിർദേശിച്ചു.
മനുഷ്യത്വരഹിതമായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബൽറാംപൂർ എസ്.പി ദേവ് രഞ്ജൻ വർമ്മ ഉത്തരവിട്ടു. ജില്ലാ മജിസ്‌ട്രേറ്റുമായി സംഭവം ചർച്ച ചെയ്തതായും ബൽറാംപൂർ എസ്പി അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.