ശ്രീനഗര്‍:കഴിഞ്ഞ ദിവസം ജമ്മുവില്‍ ഭീരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങും 2001 ലെ പാർലമെന്‍റ് ആക്രമണകേസില്‍ തൂക്കിലേറ്റിയ അഫ്സൽ ഗുരുവും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോയെന്ന് പരിശോധിക്കും. ജമ്മുകശ്മീര്‍ പൊലീസാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ഭീകരവാദികളുമായി അവിഹിത ബന്ധമുണ്ടെന്ന് ദേവീന്ദര്‍ സിങിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും യൂണിഫോമിനെ അപമാനിക്കാന്‍ ശ്രമം നടത്തിയവരെയും പൊലീസിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാംഗ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ലമെന്‍റ് ആക്രമണത്തില്‍ ദേവീന്ദര്‍ സിങിന് പങ്കുണ്ടായിരുന്നോ എന്നും അന്വേഷണത്തില്‍ ഉള്‍പ്പെടും.
ദേവീന്ദര്‍ സിങ് തന്നെ പീഡിപ്പിച്ചുവെന്നും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്സല്‍ ഗുരു തന്‍റെ അഭിഭാഷകനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു തീവ്രവാദിയിലെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനും ഫ്ലാറ്റ് വാടകക്കെടുക്കാനും സഞ്ചരിക്കുന്നതിനായി കാര്‍ വാങ്ങാനും ദേവീന്ദര്‍ സിങ് തന്നോട് ആവശ്യപ്പെട്ടതായും അഫ്സല്‍ ഗുരു വെളിപ്പെടുത്തിരുന്നു. എന്നാല്‍ അന്ന് അഫ്സല്‍ ഗുരു ഉന്നയിച്ച ആരോപണങ്ങളെ രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാന പൊലീസും അയാളുടെ ഭാവനയില്‍ മെനഞ്ഞെടുത്ത കഥയായി തള്ളിക്കളഞ്ഞു. ശ്രീനഗറില്‍ അധികം ആള്‍ത്താമസമില്ലാത്ത ഹംഹാമ എന്ന സ്ഥലത്ത് ദേവീന്ദര്‍ സിങ് അഫ്സല്‍ ഗുരുവിനെ ചോദ്യം ചെയ്തതായും വിവരങ്ങളുണ്ട്. ദേവീന്ദര്‍ സിങിനെ പിരിച്ചുവിടാനും 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ധീര പുരസ്കാരം തിരിച്ചെടുക്കാനും ശുപാര്‍ശ നല്‍കിയതായി പൊലീസ് മേധാവി പറഞ്ഞു. കേസിന്‍റെ സ്വഭാവം കണക്കിലെടുത്ത് കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. അന്വേഷണത്തിനായി മൂന്നോ നാലോ ദിവസത്തിനുള്ളില്‍ എന്‍ഐഎയുടെ ഒരു സംഘം എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുല്‍ഗാമിലെ മിര്‍ബസാറിന് അടുത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ദേവീന്ദര്‍ സിങ് പിടിയിലായത്.